സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ ബി.ജെ.പി സർക്കാർ യുവതലമുറയുടെ സ്വപ്നങ്ങൾ തകർത്തു -പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അധികാരമേറ്റെടുത്തയുടൻ തന്നെ നിങ്ങൾ യുവതലമുറയുടെ സ്വപ്നങ്ങളാണ് തകർത്തുകളഞ്ഞത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

പുതിയ ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്തയുടൻ യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കാൻ ശ്രമം തുടങ്ങി. നീറ്റ് പരീക്ഷാ ഫലത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ (ധർമേന്ദ്ര പ്രധാൻ) ധിക്കാരപരമായ പ്രതികരണം 24 ലക്ഷം വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്ക പൂർണമായും അവഗണിക്കുന്നു. ഇപ്പോൾ നടക്കുന്നതൊന്നും വിദ്യാഭ്യാസ മന്ത്രി കാണുന്നില്ലേ? നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) മെയ് 5 ന് 4,750 കേന്ദ്രങ്ങളിലായി 24 ലക്ഷത്തോളം വിദ്യാർഥികൾക്കായി നടത്തിയ നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നുവെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഇപ്പോൾ വിവാദമായ ഗ്രേസ് മാർക്കും കാരണം നീറ്റിന്റെ സുതാര്യത തന്നെ ഇല്ലാതായി. നാളിതുവരെ ഇല്ലാത്ത രീതിയിൽ 67 വിദ്യാർഥികൾ മുഴുവൻ മാർക്കും നേടിയതിൽ ആശങ്കയുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.

യുവാക്കളെ സർക്കാർ അവഗണിക്കുകയാണ്. ലക്ഷക്കണക്കിന് യുവാക്കളെയും അവരുടെ മാതാപിതാക്കളെയും അവഗണിച്ച് ആരെയാണ് സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. ഈ കുത്തഴിഞ്ഞ പരീക്ഷാ സമ്പ്രദായത്തിന്റെ അൾത്താരയിൽ യുവാക്കളുടെ സ്വപ്നങ്ങൾ ബലികഴിക്കപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയെ കുറിച്ചുള്ള വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികൾ അവഗണിക്കുന്നതിനുപകരം സർക്കാർ ഗൗരവമായി കാണണമെന്നും അവയിൽ നടപടിയെടുക്കണമെന്നും പ്രിയങ്ക എക്സ് പോസ്റ്റിൽ ആവശ്യപ്പെട്ടു. ബി.ജെ.പി സർക്കാർ അഹംഭാവം ഉപേക്ഷിച്ച് യുവാക്കളുടെ ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും പരീക്ഷകളിലെ അഴിമതി തടയാൻ നടപടിയെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Priyanka Gandhi's swipe at Centre amid NEET UG row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.