ന്യൂഡൽഹി: കെനിയയിൽ നിന്ന് പുതിയ ചീറ്റകളെ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം. കെനിയയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.
ഗുജറാത്തിലെ ബണ്ണി പുൽമേടുകളിൽ നിർമ്മിക്കുന്ന ബ്രീഡിംഗ് സെൻററിലേക്കുള്ള ചീറ്റകളെയും കെനിയയിൽ നിന്നും കൊണ്ടുവരുമെന്നും ഇൻറർനാഷനൽ ബിഗ് ക്യാറ്റ് അലയൻസ് ഡയറക്ടർ ജനറൽ എസ്.പി യാദവ് പറഞ്ഞു.
ചീറ്റകളെ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാറ്റുന്ന പദ്ധതിയുടെ ഭാഗമായി 2022 ൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെയും 2023 ൽ 12 ചീറ്റകളെയുമടക്കം മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് ഇതുവരെ 20 ചീറ്റകളെയാണ് കൊണ്ടുവന്നത്. ഇതിൽ പ്രായപൂർത്തിയായ മൂന്ന് പെൺ ചീറ്റകളും അഞ്ച് ആൺ ചീറ്റകളും ചത്തിരുന്നു. ഇന്ത്യയിൽ ജനിച്ച പതിനേഴ് കുഞ്ഞുങ്ങളിൽ അഞ്ചെണ്ണം ചാവുകയും 12 എണ്ണം മരണത്തെ അതിജീവിക്കുകയും ചെയ്തു.
അതേസമയം കഴിഞ്ഞ മാസം ചത്ത നമീബിയൻ ചീറ്റ വിഷബാധയെ തുടർന്നാണെന്ന വാദത്തെ യാദവ് തള്ളിക്കളഞ്ഞു. പോസ്റ്റുമോർട്ടത്തിൽ ചീറ്റയുടെ ശരീരത്തിൽ നിന്ന് വിഷാംശം ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.