ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ, അഗ്നിവീരർക്ക് സർക്കാർ ജോലിക്ക് സംവരണം നൽകുമെന്ന വഗ്ദാനവുമായി ഹരിയാന സർക്കാർ. അഗ്നിപഥ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഹരിയാന സർക്കാർ ഇത്തരമൊരു നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
അഗ്നിപഥ് പദ്ധതിയിലൂടെ സൈനിക സേവനതിലെത്തുന്നവരിൽ 25 ശതമാനം പേർക്ക് സൈന്യത്തിൽ തന്നെ തുടരാൻ അവസരമുണ്ട്. ബാക്കി 75 ശതമാനമാണ് പുറത്തുപോരേണ്ടി വരിക. ഈ 75 ശതമാനം പേർക്കും സർക്കാർ ജോലിയിൽ മുൻഗണന നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. സർക്കാർ ഇതര ജോലികളിലും മുൻഗണന നൽകുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാല് വർഷത്തെ സൈനിക സേവനമാണ് അഗ്നിപഥ് പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നത്. നാലു വർഷത്തിനു ശേഷം പുറത്തിറങ്ങുന്നവർക്ക്പെൻഷൻ അടക്കമുള്ളവ മറ്റ് സൗകര്യങ്ങളൊന്നും ഉണ്ടായിരിക്കില്ല. 17.5 മുതൽ 21 വയസുവരെയുള്ളവർക്കാണ് അഗ്നിപഥ് പദ്ധതി വഴി അപേക്ഷിക്കാനും സാധിക്കൂ. കോവിഡ് മൂലം റിക്രൂട്ട്മെന്റ് നടക്കാതിരുന്നപ്പോൾ പോലും സൈനിക സേവനത്തിനായി പരിശീലനം നടത്തി കാത്തിരുന്ന ഉദ്യോഗാർഥികൾക്ക് പുതിയ പദ്ധതി ഇരുട്ടടിയായി. അതോടെ ഉദ്യോഗാർഥികൾ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു.
സർക്കാർ ഉദ്യോഗാർഥികളെ വിഡ്ഢികളാക്കുകയാണെന്ന് ആരോപിച്ചാണ് യുവജനങ്ങൾ തെരുവിലിറങ്ങിയത്. നാലു വർഷത്തിനു ശേഷം തങ്ങൾ എന്തു ചെയ്യുമെന്നാണ് ഉദ്യോഗാർഥികൾ ചോദിക്കുന്നത്. നാലു വർഷത്തെ സർവീസ് എന്നാൽ അതിനു ശേഷം പുതിയ ജോലി തേടണം എന്നർഥം. തങ്ങളുടെ അതേ പ്രായക്കാരേക്കാൾ പിറകിലാവുകയും ചെയ്യും. കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങാത്ത പരിശീലനത്തിലായിരുന്നു. ഇത് നാല് വർഷത്തേക്ക് വേണ്ടി മാത്രമാണോ എന്ന ചോദ്യം ഉദ്യോഗാർഥികളിൽ നിന്നുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.