ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ ഉണ്ടായ സംഘർഷത്തിലാണ് 16 വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർ വെടിയേറ്റു മരിച്ചത്. 20 പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് കർഫ്യൂ തുടരുകയാണ്.
മുദസിർ (16), സാഹിൽ അൻസാരി (22) എന്നിവരാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങവെയാണ് സാഹിൽ അൻസാരിക്ക് വെടിയേറ്റതെന്ന് സഹോദരൻ പറഞ്ഞു. സമാധാനപരമായിരുന്നു റാലിയെന്നും പ്രകോപനം കൂടാതെ പൊലീസ് വെടിവെക്കുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. വെടിവെപ്പിന് മുന്നറിയിപ്പുകളൊന്നും ഉണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാവരും സമാധാനം പാലിക്കണമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അഭ്യര്‍ഥിച്ചു.
പശ്ചിമബംഗാളിലെ ഹൗറയിൽ പ്രതിഷേധം നടത്തിയ 60 പേർ അറസ്റ്റിലായി. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി.
യു.പിയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധങ്ങളിൽ 200ൽപരം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജിൽ 68, ഹാഥറസിൽ 50, സഹാറൻപുരിൽ 28, മൊറാദാബാദിൽ 25, ഫിറോസാബാദിൽ എട്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
വെള്ളിയാഴ്ച അർധരാത്രി കസ്റ്റഡിയിലെടുത്ത വെൽഫെയർ പാർട്ടി നേതാവ് മുഹമ്മദ് ജാവേദിന്റെ അറസ്റ്റ് യു.പി പൊലീസ് രേഖപ്പെടുത്തി. പ്രയാഗ് രാജിലെ ആക്രമണത്തിൽ പങ്കുണ്ടെന്നാരോപിച്ചാണ് അറസ്റ്റ്. വാറന്റില്ലാതെയാണ് ജാവേദിനെ കസ്റ്റഡിയിലെടുത്തതെന്നും പാതിരാത്രിയാണ് സ്ത്രീകളടക്കമുള്ളവരെ പൊലീസ് കൊണ്ടുപോയതെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞയാഴ്ച സംഘർഷമുണ്ടായ കാൺപുരിൽ അധികൃതർ മണ്ണുമാന്തിയുമായി എത്തി കേസിൽ അറസ്റ്റിലായ സഫർ ഹയാത് ഹഷ്മി എന്നയാളുടെ കെട്ടിടം തകർത്തു.
വിദ്വേഷ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജമാ മസ്ജിദ്, ഹൈദരാബാദ് മക്ക മസ്ജിദ്, കൊൽക്കത്ത പാർക്ക് സർക്കസ്, ഉത്തർപ്രദേശിലെ സഹാറൻപുർ, പ്രയാഗ്രാജ്, മൊറാദാബാദ്, സോളാപുർ, ഝാർഖണ്ഡിലെ റാഞ്ചി, ലുധിയാന, തുടങ്ങി വിവിധയിടങ്ങളിലാണ് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പിറകെ ആയിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.