ചെന്നൈ: കേരളത്തിനുപിന്നാലെ തമിഴ്നാട്ടിലും ഗവർണർക്കെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു. ആർ.എൻ. രവി ഗവർണറായി ചുമതലയേറ്റതിനുശേഷം വിവാദ പരാമർശങ്ങൾ നടത്തുന്നത് പതിവായിരിക്കയാണെന്ന് ഡി.എം.കെയുടെയും സഖ്യകക്ഷികളുടെയും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
പൊതുപരിപാടികളിലും മറ്റും ഗവർണർ സനാതന ആശയങ്ങളിലധിഷ്ഠിതമായ പ്രസംഗങ്ങളാണ് നടത്തുന്നത്. ഡി.എം.കെ സർക്കാറിനെതിരായ പരോക്ഷ വിമർശനങ്ങളും ഉന്നയിക്കുന്നു. സനാതന, ആര്യ, ദ്രാവിഡ, പട്ടികവർഗ, തിരുക്കുറൽ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അസംബന്ധവും അപകടകരവുമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ലോകത്തിലെ 120 ലധികം രാജ്യങ്ങൾ മതേതരമാണ്. എല്ലാ മതേതര രാജ്യങ്ങളിലും മതങ്ങളും സർക്കാറുമുണ്ട്. എന്നാൽ, രണ്ടും തമ്മിൽ ബന്ധമില്ല. ഇതൊന്നും അറിയാതെയാണ് ഗവർണർ സംസാരിക്കുന്നത്.
എല്ലാ മതങ്ങളും തുല്യമാണ്, മതത്തിൽ വിവേചനമില്ല, എല്ലാവർക്കും തുല്യ അവകാശം, ഇഷ്ടമുള്ള മതം പിന്തുടരാനുള്ള അവകാശം, അവരുടെ മതം പ്രചരിപ്പിക്കാനുള്ള അവകാശം, സർക്കാർ സ്ഥാപനങ്ങളിൽ മതവിദ്യാഭ്യാസം പാടില്ല, ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം തുടങ്ങിയ ഭരണഘടനാതത്ത്വങ്ങൾക്ക് വിരുദ്ധമായാണ് ഗവർണർ സംസാരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
മതേതരത്വ തത്ത്വം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിലൊന്നാണെന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റി ഉയർന്ന സ്ഥാനമാനങ്ങൾ കൈപ്പറ്റുന്നതിനുവേണ്ടിയാണ് ഗവർണർ ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത്. ഗവർണർ രാജിവെച്ച് ഭരണഘടനക്കെതിരെ സംസാരിക്കട്ടെയെന്നും ഇവർ പ്രസ്താവിച്ചു.
ടി.ആർ. ബാലു (ഡി.എം.കെ), കെ.എസ്. അളഗിരി (കോൺഗ്രസ്), വൈകോ (എം.ഡി.എം.കെ), കെ.ബാലകൃഷ്ണൻ (സി.പി.എം), മുത്തരസൻ (സി.പി.ഐ), തിരുമാവളവൻ (വിടുതലൈ ശിറുതൈകൾകക്ഷി), ഖാദർ മൊയ്തീൻ (മുസ്ലിംലീഗ്) തുടങ്ങിയ സഖ്യകക്ഷികളുടെ നേതാക്കളാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.