ബലാത്സംഗ അതിജീവിതക്ക് 26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി

ചണ്ഡീഗഡ്: ബലാത്സംഗ അതിജീവിതയായ 17കാരിക്ക് 26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതി. അതിജീവിതക്ക് പ്രായപൂർത്തിയായിട്ടില്ലെന്നത് കൂടി പരിഗണിക്കുമ്പോൾ, കുഞ്ഞ് ജനിച്ചാൽ അത് ബലാത്സംഗത്തിന്‍റെ ആഘാതവും വേദനയും ഓർമപ്പെടുത്തുന്ന ഒന്നായി മാറുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിനോദ് എസ്. ഭരദ്വാജിന്‍റെ വിധി.

ആഗ്രഹിക്കാതെയുണ്ടാകുന്ന കുഞ്ഞിലൂടെ അതിജീവിത ഒന്നുകിൽ കുഞ്ഞിന്‍റെ ജനനത്തെ കുറിച്ചുള്ള ഓർമകളുമായി ദുരിത ജീവിതം നയിക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരാം. ഇതിലേത് സാഹചര്യമായാലും അമ്മയ്ക്കും അതുപോലെ കുഞ്ഞിനും ജീവിതകാലം മുഴുവൻ സമൂഹത്തിൽ നിന്നുള്ള അപമാനം സഹിക്കേണ്ടിവരും -കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ നല്ലതല്ല. കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കില്ലെന്ന് അതിജീവിതയുടെ കുടുംബം അറിയിച്ചിട്ടുമുണ്ട്. ഒരു തെറ്റുംചെയ്യാത്ത കുഞ്ഞ് അതിജീവനത്തിനായി പാടുപെടേണ്ടിവരികയും പീഡനമേൽക്കേണ്ടിവരികയും ചെയ്യും.

ഇത് വളരെ പ്രയാസകരമായ തീരുമാനമാണ്. ശ്വസിക്കാൻ സാധിക്കുക എന്നത് മാത്രമല്ല ജീവിതം കൊണ്ട് അർഥമാക്കുന്നത്, അന്തസ്സോടെ ജീവിക്കാനാകുക എന്നത് കൂടിയാണ്. ഇരയാക്കപ്പെട്ട കുട്ടിയുടെ ആഘാതത്തെ പരിഗണിക്കണോ അതോ കുഞ്ഞ് ജനിക്കുന്നതിലൂടെ ആ ആഘാതം നീട്ടിക്കൊണ്ടുപോകണോ. അധികം തിരഞ്ഞെടുപ്പുകളില്ലാത്ത ഈ സാഹചര്യത്തിൽ ഗർഭം അവസാനിപ്പിക്കാൻ അനുവദിക്കുന്നത് കൂടുതൽ വിവേകപൂർണ്ണമാണെന്ന് തോന്നുന്നു -കോടതി വ്യക്തമാക്കി.

നേരത്തെ, ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച് മെഡിക്കൽ ബോർഡിന്‍റെ അഭിപ്രായം തേടിയിരുന്നു. പ്രായപൂർത്തിയാകാത്ത വ്യക്തിയെന്ന നിലയിൽ, ബലാത്സംഗത്തിലൂടെയുണ്ടായ ഗർഭം തുടരാൻ അനുവദിക്കുന്നത് പെൺകുട്ടിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, 26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കുന്നതും മാനസികവും ആരോഗ്യപരവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ബോർഡ് അറിയിച്ചു. 

Tags:    
News Summary - Punjab and Haryana High Court Allows Minor Rape Victim's Plea For Termination Of Pregnancy Of 26 Weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.