ചണ്ഡിഗഡ്: അറസ്റ്റിലായ കോൺഗ്രസ് എം.എൽ.എ സുഖ്പാൽ സിങ് ഖൈറയെ കാണാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന് പഞ്ചാബിലെ കോൺഗ്രസ് നേതാക്കൾ. പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ, കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാരിങ് എന്നിവരാണ് അരോപണവുമായി രംഗത്തെത്തിയത്.
"ഞങ്ങളുടെ സഹപ്രവർത്തകനെ കണ്ട് പാർട്ടി അദ്ദേഹത്തിനൊപ്പം ഉണ്ടെന്ന് അറിയിക്കണം. പക്ഷെ പൊലീസ് അതിന് അനുവദിക്കുന്നില്ല. ഞാൻ പ്രതിപക്ഷ നേതാവാണ്. എന്‍റെ എം.എൽ.എയാണ് അറസ്റ്റിലായത്. പൊലീസ് സാന്നിധ്യത്തിൽ അദ്ദേഹത്തെ കാണാനാണ് ശ്രമിച്ചത്. പക്ഷേ അനുമതി നിഷേധിച്ചു"- പ്രതാപ് സിങ് ബജ്വ പറഞ്ഞു.
മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതികാര രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്നും ബജ്വ ആരോപിച്ചു. വ്യാജകേസിനെക്കുറിച്ച് പരാതിപ്പെട്ട് പഞ്ചാബ് കോൺഗ്രസ് വ്യാഴാഴ്ച ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കണ്ടിരുന്നു.
2015 ലെ ലഹരി കേസുമായി ബന്ധപ്പെട്ടാണ് ഖൈറയെ പഞ്ചാബ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ജലാലാബാദിലെ കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാവും മറ്റ് മുതിർന്ന നേതാക്കളും ഖൈറയെ കാണാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.