ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് വരാണസി കോടതിയുടെ വിധി പാർലമെന്റ് പാസാക്കിയ 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും വിഷയം അടിയന്തര ചർച്ചക്കെടുക്കണമെന്നും ആവശ്യപ്പെട്ട് പി.വി അബ്ദുൽ വഹാബ് എം.പി പാർലമെന്റിൽ സബ്മിഷൻ സമർപ്പിച്ചു. വരാണാസി കീഴ്‌ക്കോടതിയുടെ വിധിയെത്തുടർന്ന് ഗ്യാൻവാപി മസ്ജിദിൽ ഹരജിക്കാർ കടന്നുകയറിയ സാഹചര്യം ചർച്ച ചെയ്യാൻ ശൂന്യവേളയും ചോദ്യോത്തര സമയവും ഉൾപ്പെടെ താൽക്കാലികമായി നിർത്തിവെച്ച് വിഷയം അടിയന്തരമായി ചർച്ചക്കെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
1991ലെ ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമപ്രകാരം, 1947 ആഗസ്റ്റ് 15ന് നിലവിലിരുന്ന ക്ഷേത്രമോ പള്ളിയോ ഏതെങ്കിലും പൊതുആരാധനാലയമോ അതിൻ്റെ ചരിത്രം പരിഗണിക്കാതെ അന്നത്തെ അതേ മതസ്വഭാവം നിലനിർത്തുമെന്നാണ് പറയുന്നത്. കോടതിക്കോ സർക്കാരിനോ ഇത് മാറ്റാൻ കഴിയില്ല.
എന്നാൽ, വരാണസി കീഴ്‌ക്കോടതി വിധി നിയമം ലംഘിക്കുകയും ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ മുൻ വിധികൾ മറികടക്കുകയും ചെയ്യുന്നു. ഈ നിയമത്തിൻ്റെ പവിത്രത ലംഘിക്കുന്നത് രാജ്യത്തിൻ്റെ സമാധാനത്തെയും സാമുദായിക സൗഹാർദത്തെയും ബാധിക്കും. അതിലൂടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യുമെന്ന് ആശങ്കപ്പെടേണ്ടതുണ്ടെന്നും സബ്മിഷനിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.