ന്യൂഡൽഹി: ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്ന റാഫേൽ പോർവിമാനത്തിന് തീ വില. ഖത്തർ, ഇൗജിപ്ത് എന്നിവക്ക് നൽകുന്നതിനെക്കാൾ ഇന്ത്യ ഒാരോ വിമാനത്തിനും അധികം നൽകുന്നത് 351 കോടി രൂപ. 36 റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിന് മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി മോദി സർക്കാർ അധികം കൊടുക്കുന്നത് 12,636 കോടി രൂപയാണെന്ന് റാഫേൽ പോർവിമാന നിർമാതാക്കളായ ദസോൾട്ട് ഏവിയേഷെൻറ വാർഷിക റിപ്പോർട്ടിലെ കണക്കുകൾ ഉദ്ധരിച്ച് കോൺഗ്രസ് വെളിപ്പെടുത്തി.
എ.കെ. ആൻറണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് കമ്പനിയെക്കൂടി പെങ്കടുപ്പിച്ച് 126 വിമാനങ്ങൾക്കുവേണ്ടി തയാറാക്കിയ 41,200 കോടി രൂപ കരാർ ഉപേക്ഷിച്ചാണ് 36 വിമാനങ്ങൾ നേരിട്ടു വാങ്ങാനും റിലയൻസിന് പങ്കാളിത്തം നൽകാനും മോദി കരാറുണ്ടാക്കിയത്. എന്നാൽ, ചട്ടവിരുദ്ധമായ പലതും ഇൗ ഇടപാടിനു പിന്നിലുണ്ടെന്ന് കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, രൺദീപ്സിങ് സുർജേവാല എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
2015ൽ ഖത്തറിനും ഇൗജിപ്തിനും 48 വീതം റാഫേൽ വിമാനങ്ങൾ നൽകാൻ കരാറുണ്ടാക്കിയത്, ഒരു വിമാനത്തിന് 1319 കോടി രൂപ എന്ന നിരക്കിലാണ്. എന്നാൽ, 11 മാസങ്ങൾക്കുശേഷം ഇന്ത്യ 1670 കോടി രൂപ വീതം നൽകി 36 വിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ ഉണ്ടാക്കിയത്. ഫലത്തിൽ ഒാേരാ വിമാനത്തിനും അധികം നൽകേണ്ടി വരുന്ന തുക 351 കോടി. യു.പി.എ സർക്കാറിെൻറ കാലത്തെ കരാറിൽനിന്ന് ഭിന്നമായി, വിമാന നിർമാണ സാേങ്കതികവിദ്യ കൈമാറി കിട്ടുകയുമില്ല.
സുരക്ഷാകാര്യ മന്ത്രിസഭ സമിതിയുടെ അനുമതിയില്ലാതെയാണ് മുൻകാല കരാർ വേണ്ടെന്നുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയിൽ പുതിയ കരാർ ഉറപ്പിച്ചത്. കരാർ ഒപ്പുവെച്ച ശേഷമല്ല സുരക്ഷാകാര്യ മന്ത്രിസഭ സമിതിയിൽ ചർച്ചചെയ്യേണ്ടത്. ചട്ടം മറികടന്നതിനു പുറമെ, ദേശസുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്ത സർക്കാർ, വിമാന ഇടപാടിെൻറ വിശദാംശങ്ങൾ പാർലമെൻറിൽനിന്നുപോലും മറച്ചുപിടിക്കുകയാണ്. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നേരത്തേ നൽകിയ വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.