മുളുഗു (തെലങ്കാന): കോൺഗ്രസ് വിജയപ്രതീക്ഷയർപ്പിക്കുന്ന തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനിടെ ബസ് യാത്ര (വിജയഭേരി യാത്ര)യടക്കം വിപുലമായ പ്രചാരണ പരിപാടികളാണ് കോൺഗ്രസ് ആസൂത്രണംചെയ്തത്.
ബുധനാഴ്ച ഉച്ചക്കുശേഷം ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് ഇരുവരും ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിലെത്തിയത്. മുളുഗുവിലേക്ക് ഹെലികോപ്ടറിലാണ് വന്നത്. മുളുഗുവിലെ ചരിത്രപ്രസിദ്ധമായ രാമപ്പ ക്ഷേത്രത്തിൽ രാഹുലും പ്രിയങ്കയും ദർശനം നടത്തി. കോൺഗ്രസിന്റെ പ്രകടനപത്രിക ഇരുവരും പൂജിച്ചു.
യുനസ്കോയുടെ പൈതൃകപട്ടികയിലുള്ള രാമപ്പ ക്ഷേത്രത്തിലെ അധികാരികൾ ഇരുവരെയും സ്വീകരിച്ചു. ‘വിജയഭേരി യാത്ര’ക്കു തുടക്കമിട്ട രാഹുൽ മുളുഗുവിൽ പൊതുയോഗത്തിൽ സംസാരിച്ചു. ബി.ആർ.എസും ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരുമിച്ച് ശ്രമിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ബി.ആർ.എസിന് വോട്ട് ചെയ്താൽ അത് ബി.ജെ.പിക്ക് ചെയ്യുന്നതിന് തുല്യമാണെന്നും രാഹുൽ പറഞ്ഞു. പ്രിയങ്ക രാത്രിയോടെ തിരിച്ചുപോയി. ഭൂപാൽപള്ളി വരെ 30 കിലോമീറ്ററാണ് ആദ്യദിനത്തിലെ ബസ് യാത്ര.
മൂന്നു ദിവസത്തെ രാഹുലിന്റെ പര്യടനത്തിൽ എട്ടു നിയോജക മണ്ഡലങ്ങളിൽ പ്രചാരണം കൊഴുപ്പിക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. വ്യാഴാഴ്ച ഖനി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. കരീംനഗറിലടക്കം പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കരിമ്പ്, മഞ്ഞൾ കർഷകരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.