ന്യൂഡൽഹി: രാജ്യത്തിന്‍റെ നട്ടെല്ലാണ് കർഷകരെന്നും കർഷക പ്രക്ഷോഭത്തിൽ കേന്ദ്രം വേദനിക്കുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കർഷകരെ നക്സലുകളെന്നും ഖാലിസ്ഥാനികളെന്നും ആരും വിളിക്കരുതെന്നും രാജനാഥ് സിങ് കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ അന്നദാതാക്കളായ കർഷകർക്കെതിരായ നടപടികൾ സ്വീകരിക്കില്ല. കോൺഗ്രസിനേക്കാൾ തനിക്ക് കൃഷി എന്താണെന്ന് അറിയാം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കൃഷിയെക്കുറിച്ച് ഒന്നും അറിയില്ല. അദ്ദേഹം പണക്കാരനായാണ് ജനിച്ചത്. താൻ ജനിച്ചത് ഒരു കർഷക കുടുംബത്തിലാണെന്നും തന്‍റെ മാതാപിതാക്കൾ കർഷകരാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
രാഹുൽജി തന്നേക്കാൾ ഇളയതാണ്. അദ്ദേഹത്തേക്കാൾ കൂടുതൽ തനിക്ക് കൃഷിയെപറ്റി അറിയാം. ഞാൻ ഒരു കർഷകയായ അമ്മയുടെ വയറ്റിലാണ് ജനിച്ചത്. എന്‍റെ പിതാവ് ഒരു കർഷകനായതിനാൽ കർഷകർക്കെതിരായ തീരുമാനങ്ങളെടുക്കാനും സാധിക്കില്ല. നമ്മുടെ പ്രധാനമന്ത്രിയും പാവം ഒരു അമ്മയുടെ വയറ്റിലാണ് ജനിച്ചത്. എനിക്ക് ഇതുമാത്രം പറയാനാണ് ആഗ്രഹം. മറ്റൊന്നും ഇക്കാര്യത്തിൽ പറയാനില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
'കർഷകരുടെ താൽപര്യത്തിന് അനുസരിച്ചാണ് കാർഷിക നിയമങ്ങൾ തയാറാക്കിയത്. രണ്ടുവർഷത്തേക്കെങ്കിലും കാർഷിക നിയമം നടപ്പാക്കാൻ കർഷകർ അനുവദിക്കണം. കർഷകരുടെ പ്രക്ഷോഭത്തിൽ സർക്കാറിന് വേദനയുണ്ട്. കർഷകർക്കെതിരെ നക്സലുകൾ, ഖാലിസ്ഥാനികൾ തുടങ്ങിയ ആരോപണം ആരും ഉന്നയിക്കാൻ പാടില്ല. കർഷകരെ അങ്ങേയറ്റം ബഹുമാനിക്കണം. കർഷകരോടുള്ള ബഹുമാനവും ആദരവും നൽകി ഞങ്ങളുടെ തല കുനിക്കുന്നു. അവരാണ് നമ്മുടെ അന്നദാതാക്കൾ' -രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
കർഷകർ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ സഹായിച്ചതായും ചർച്ചചെയ്ത് കർഷകരുടെ ആശങ്കകൾ പരിഹരിക്കാനാകുമെന്നും രാജ്നാഥ്സിങ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.