മെഹ്ബൂബയെ മോചിപ്പിക്കാനുള്ള സമയം അതിക്രമിച്ചു; ഇന്ത്യൻ ജനാധിപത്യം തകർച്ചയിൽ -രാഹുൽ

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ മൂന്നുമാസത്തേക്ക് കൂടി നീട്ടിയ കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയ നേതാക്കളെ അന്യായമായി തടവിലിടുമ്പോൾ ഇന്ത്യയുടെ ജനാധിപത്യം തകരുകയാണെന്നും മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കാനുള്ള സമയം അതിക്രമിച്ചുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ മൂന്നുമാസത്തേക്ക് കൂടി കേന്ദ്രം നീട്ടിയത്. രണ്ടാം തവണയാണ് ഇത്തരത്തിൽ തടങ്കൽ നീട്ടുന്നത്. ആഗസ്റ്റ് അഞ്ചിന് മുഫ്തിയുടെ തടങ്കൽ കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞവർഷം ആഗസ്റ്റ് അഞ്ചിനാണ് മെഹ്ബൂബയെ തടവിലാക്കിയത്. മറ്റ് നിരവധി രാഷ്ട്രീയ നേതാക്കളെയും അന്ന് തടവിലാക്കിയിരുന്നു. ഒരു വർഷം പിന്നിടുമ്പോഴും തടവിൽ തുടരുന്ന ഒരേയൊരു മുഖ്യധാരാ രാഷ്ട്രീയ നേതാവാണ് മെഹ്ബൂബ.

ഫെബ്രുവരിയിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവർക്കൊപ്പമാണ് മെഹ്ബൂബക്ക് മേലും ദേശീയ സുരക്ഷാ നിയമം (പി.എസ്.എ) ചുമത്തിയത്. മാർച്ച് മാസത്തിൽ ഫാറൂഖ് അബ്ദുല്ലയെയും ഒമർ അബ്ദുല്ലയെയും മോചിപ്പിച്ചെങ്കിലും മെഹ്ബൂബയുടെ തടവ് തുടരുകയായിരുന്നു. ജയിലായി പ്രഖ്യാപിച്ച ഔദ്യോഗിക വസതിയിലാണ് ഏപ്രിൽ ഏഴ് മുതൽ മെഹ്ബൂബ കഴിയുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.