ന്യൂഡൽഹി: കടുത്ത വിമർശനത്തിനിടയാക്കിയ പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ മോദി സർക്കാറിനെതിരായ നയ രൂപവത്കരണത്തിന് 14 പ്രതിപക്ഷ കക്ഷികൾ ഡൽഹിയിൽ അടിയന്തര യോഗം ചേർന്നു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഫോൺ ചോർത്തലിനിരയായ രാഹുൽ ഗാന്ധിയും പങ്കെടുത്തു. ശിവസേന, സി.പി.െഎ, സി.പി.എം, രാഷ്ട്രീയ ജനത ദൾ, എ.എ.പി, ഡി.എം.കെ, മുസ്ലിം ലീഗ്, സമാജ്വാദി പാർട്ടി, കേരള കോൺഗ്രസ് തുടങ്ങിയ കക്ഷികളുടെ പ്രതിനിധികൾ എത്തിയ യോഗത്തിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അധ്യക്ഷത വഹിച്ചു.
പാർലമെന്‍റ് പ്രവർത്തിക്കാൻ അനുവദിക്കാത്തവരെന്ന് ആക്ഷേപിച്ച് പ്രതിപക്ഷത്തിനു മേൽ പഴിചാരാനാണ് സർക്കാർ ശ്രമമെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു. വിഷയത്തിൽ എല്ലാ കക്ഷികളുടെയും പ്രതിനിധികൾ ഉച്ചക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.
ചൊവ്വാഴ്ച ലോക്സഭയിലെ പ്രതിപക്ഷ കക്ഷികളുടെ യോഗവും കോൺഗ്രസ് വിളിച്ചുചേർത്തിരുന്നു.
പെഗസസ്, കർഷക പ്രക്ഷോഭം എന്നീ വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ ഏഴു കക്ഷികൾ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.
പെഗസസ് വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.