ന്യൂ ഡൽഹി: ഇടവേളക്കു ശേഷം കർഷക സംഘടനകൾ വീണ്ടും സജീവമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വേറിട്ട ഐക്യദാർഢ്യം. മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന ആവശ്യവുമായി ഡൽഹി നഗരമധ്യത്തിലൂടെ ട്രാക്ടറിലേറി യാത്ര ചെയ്താണ് രാഹുൽ പാർലമെന്‍റിലെത്തിയത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള കോൺഗ്രസ് എം.പിമാരായ ദീപേന്ദർ ഹൂഡ, രവ്നീത് സിങ് ബിട്ടു, പ്രതാപ് സിങ് ബജ്വ എന്നിവർക്കൊപ്പമായിരുന്നു വിജയ് ചൗക് വഴി ട്രാക്ടർ യാത്ര.
എം.പിമാർ 'കാർഷിക നിയമങ്ങൾ പിൻവലിക്കുക', 'കർഷക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കുക' തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തി. ട്രാക്ടറിന്റെ മുന്നിലും ഇതേ ആവശ്യവുമായി കൂറ്റൻ ബാനർ തൂക്കി. എൻ95 മാസ്കണിഞ്ഞ് ഡ്രൈവറുടെ സീറ്റിലിരുന്ന രാഹുൽ മറ്റു എം.പിമാരുമായി ആശയങ്ങൾ പങ്കുവെച്ചും ട്രാക്ടർ ഓടിച്ചുമായിരുന്നു യാത്ര.
അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദങ്ങൾ പാർലമെന്‍റിലെത്തിക്കാനായിരുന്നു യാത്രയെന്ന് രാഹുൽ പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ച ആരംഭിച്ച പാർലമെന്‍റ് വർഷകാല സമ്മേളനത്തിൽ കാർഷിക വിഷയങ്ങൾ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ വീഴ്ചകൾക്കെതിരെയും പെഗസസ് ചാരപ്പണിക്കെതിരെയും പ്രതിഷേധക്കാർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.