ന്യൂഡൽഹി: ദേശീയ പട്ടികജാതി, പട്ടികവർഗ കമീഷനുകളിലെ സുപ്രധാന തസ്തികകൾ ഒരു വർഷത്തിലേറെയായി ഒഴിഞ്ഞുകിടന്നിട്ടും നടപടി സ്വീകരിക്കാതെ കേന്ദ്ര സർക്കാർ. പട്ടികജാതി കമീഷനിൽ ഉപാധ്യക്ഷൻ ഉൾപ്പെടെ രണ്ട് സുപ്രധാന പോസ്റ്റുകളും പട്ടികവർഗ കമീഷനിൽ ഉപാധ്യക്ഷ പദവിയുമാണ് ഒഴിഞ്ഞുകിടക്കുന്നത്.
ദലിത്, ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള കമീഷനുകളിലെ സുപ്രധാന തസ്തികൾ ഒഴിഞ്ഞുകിടക്കുന്നതിൽ കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. ബി.ജെ.പി സർക്കാറിന്റെ ദലിത്, ആദിവാസി വിരുദ്ധ മനോഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടന സ്ഥാപങ്ങളായ ഈ കമീഷനുകളെ ദുർബലപ്പെടുത്തുന്നത് ദലിതരുടെ ഭരണഘടനപരവും സാമൂഹികവുമായ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും രാഹുൽ ‘എക്സി’ൽ കുറിച്ചു. കമീഷനല്ലെങ്കിൽ സർക്കാറിൽ ദലിതരുടെ ശബ്ദം ആരു കേൾക്കും? അവരുടെ പരാതികളിൽ ആരാണ് നടപടിയെടുക്കുക? ദലിതരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കമീഷന് ഫലപ്രദമായി നിറവേറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തസ്തികകൾ എത്രയും വേഗം നികത്തണമെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
പട്ടികജാതി വിഭാഗങ്ങൾ ഉൾപ്പെടെ ദുർബല വിഭാഗങ്ങളെ ബി.ജെ.പി രണ്ടാംതരം പൗരന്മാരായാണ് പരിഗണിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ രാജ്യസഭയിൽ പറഞ്ഞിരുന്നു. അവർക്കെതിരെ കേട്ടുകേൾവി പോലുമില്ലാത്ത ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഖാർഗെ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.