ത്രിവർണ പതാക എം.കെ. സ്റ്റാലിൻ രാഹുൽ ഗാന്ധിക്ക് കൈമാറുന്നു

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം

കന്യാകുമാരി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'ക്ക് തുടക്കമായി. കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധി മണ്ഡപത്തിൽ നടന്ന പ്രാർഥനാ യോഗത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണ പതാക എം.കെ. സ്റ്റാലിനിൽ നിന്ന് രാഹുൽ ഗാന്ധി സ്വീകരിച്ചു.

'ഒരുമിക്കുന്ന ചുവടുകൾ; ഒന്നാകുന്ന രാജ്യം'- എന്നതാണ് ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാൻ കന്യാകുമാരി മുതൽ കശ്മീർ വരെ ആറു മാസം നീളുന്നതാണ് യാത്ര. 118 സ്ഥിരം അംഗങ്ങളാണ് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുക. ഓരോ സംസ്ഥാനത്തെയും സ്ഥിരം പദയാത്രികരും അതത് സംസ്ഥാനങ്ങളിൽ അണിചേരും. കാൽനടയായി സഞ്ചരിച്ച് രാഹുൽ ഗാന്ധി ജനങ്ങളുമായി സംവദിക്കും.

ഇന്ന് രാവിലെ രാജീവ് ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരിലെത്തി രാഹുൽ ഗാന്ധി പ്രാർഥന നടത്തി. ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് തിരിച്ചു. വൈകുന്നേരം മൂന്നിന് തിരുവള്ളൂർ സ്മാരകം, വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവ സന്ദർശിച്ചു. തുടർന്ന് ഗാന്ധി മണ്ഡപത്തിലെത്തി പ്രാർഥന യോഗത്തിൽ രാഹുൽ പങ്കുചേർന്നു. 

കഴിഞ്ഞ എട്ടു വർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എ.ഐ.സി.സി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 148 ദിവസങ്ങളായി 3571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. ജോഡോ യാത്ര കടന്ന് പോകുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 അംഗങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും. യാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളില്‍ നിന്നും പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ 100 അംഗങ്ങളെയും ഉള്‍പ്പെടുത്തും. 

ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍

ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ നിന്നും ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ ഏഴ് മുതല്‍ 10 വരെയും തുടര്‍ന്ന് വൈകീട്ട് നാലു മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്.

പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കർണാടകത്തിലേക്ക് പ്രവേശിക്കും.

കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോയാത്ര കടന്നുപോകും.

Tags:    
News Summary - rahul gandhis bharat jodo yatra start in kanniyakumari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.