രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണം; സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈകോടതിയിൽ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈകോടതിയെ സമീപിച്ചു. രാഹുലിന്‍റെ പൗത്വം റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.

ബ്രിട്ടനില്‍ ഒരു സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്പനികാര്യ മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ഗാന്ധി രേഖപ്പെടുത്തിയെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. 2003ൽ യു.കെയിൽ രജിസ്റ്റർ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ സെക്രട്ടറിയും ഡയറക്ടർമാരിൽ ഒരാളുമായി രാഹുലിന്‍റെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ ബ്രിട്ടീഷ് പൗരനാണെന്നാണ് രാഹുൽ ഗാന്ധി രേഖപെടുത്തിയിട്ടുള്ളത്. 2009ൽ കമ്പനി പിരിച്ചുവിടാൻ നൽകിയ അപേക്ഷയിലും രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നാണ് പറയുന്നത്.

ഇത് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഒമ്പതിന്‍റെയും 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിന്‍റെയും ലംഘനമാണെന്ന് സ്വാമി ആരോപിച്ചു. സംഭവത്തിൽ 2019 ഏപ്രിൽ 29ന് ആഭ്യന്തര മന്ത്രാലയം വ്യക്തത തേടി രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. അഞ്ചു വർഷം കഴിഞ്ഞിട്ടും ഇതിനു മറുപടി ലഭിച്ചില്ലെന്നും സ്വാമി കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. അഭിഭാഷകൻ സത്യ സഭർവാൾ വഴി സമർപ്പിച്ച ഹരജി അടുത്തയാഴ്ച കോടതി പരിഗണിച്ചേക്കും.

Tags:    
News Summary - Rahul Gandhi's citizenship should be revoked- Subramanian Swamy in Delhi High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.