ന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്തുകയാണെന്ന് അദ്ദേഹത്തിന്‍റെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. 2019-ലെ അപകീർത്തിക്കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
ഭയം മൂലം രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. "എന്‍റെ സഹോദരൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. ഇനിയൊരിക്കലും ഭയപ്പെടുകയുമില്ല. അവൻ ഇനിയും സത്യം പറഞ്ഞുകൊണ്ടേയിരിക്കും. സത്യത്തിന്‍റെ ശക്തിയും കോടിക്കണക്കിന് ആളുകളുടെ സ്നേഹവും അവനൊപ്പമുണ്ട്"- പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്ക് പുറമേ മറ്റ് പ്രതിപക്ഷ നേതാക്കളും കോടതി വിധിയെ വിമർശിച്ച് രംഗത്തെത്തി. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് കെജ്‌രിവാൾ പറഞ്ഞു.
ഗുജറാത്തിലെ സൂറത്തിലുള്ള കോടതിയാണ് രാഹുലിന് രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചത്. മോദി എന്ന സർനെയിം സംബന്ധിച്ച് രാഹുൽ ഗാന്ധി ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാധാരം. കേസിൽ ശിക്ഷ വിധിച്ചെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം നൽകുകയും അപ്പീലിന് അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.