ന്യൂഡൽഹി: പഞ്ചാബിൽ ഞായറാഴ്ച ആരംഭിക്കുന്ന കാർഷിക ബില്ലിനെതിരായ പ്രതിഷേധ യാത്രക്ക് രാഹുൽ ഗാന്ധി നേതൃത്വം നൽകുമെന്ന് കോൺഗ്രസ്. ഒക്ടോബർ നാലിന് ആരംഭിക്കുന്ന ത്രിദിന യാത്രക്കായി രാഹുൽ നാളെ പഞ്ചാബിലെത്തും.
ട്രാക്ടർ റാലികളും പൊതുയോഗങ്ങളുമായി മൂന്നുദിവസങ്ങളിലായി 50ലേറെ കിലോമീറ്റർ ദൂരമുള്ളതായിരിക്കും പരിപാടിയെന്ന് പഞ്ചാബ് കോൺഗ്രസ് വക്താവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന റാലി കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, പഞ്ചാബ് കോൺഗ്രസ് പ്രസിഡൻറ് സുനിൽ ജഖർ തുടങ്ങിയവരും റാലിയിൽ പങ്കുചേരും. കർഷക പ്രതിഷേധങ്ങൾ സജീവമായി നടന്നുകൊണ്ടിരിക്കുന്ന പഞ്ചാബിലേക്ക് രാഹുലിൻെറ വരവ് ഉൗർജമാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട് പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം രാഹുൽ സന്ദർശിച്ചിരുന്നു.
പ്രിയങ്ക ഓടിക്കുന്ന വാഹനത്തിൽ രാഹുലും പിന്നാലെയുള്ള വാഹനങ്ങളിൽ കോൺഗ്രസ് എം.പിമാരുമാണ് ഡൽഹിയിൽനിന്ന് ഹാഥറസിലേക്ക് പുറപ്പെട്ടത്. 30ൽ അധികം എം.പിമാർ രാഹുൽ ഗാന്ധിയെ അനുഗമിച്ചിരുന്നു. ഡൽഹി-യു.പി അതിർത്തിയിൽ പൊലീസ് തടഞ്ഞതോെട സംഘർഷം ഉടലെടുത്തിരുന്നു. ഒടുവിൽ രാഹുലും പ്രിയങ്കയും അടക്കമുള്ള അഞ്ച് കോൺഗ്രസ് നേതാക്കളെ ഹാഥറസിലേക്ക് കടത്തിവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.