ന്യൂഡൽഹി: ‘ഇൻഡ്യ’ സഖ്യം അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. റായ്ബറേലിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധിയെ നിർബന്ധിച്ചിരുന്നുവെന്നും ‘എൻ.ഡി.ടി.വി’ക്ക് അനുവദിച്ച അഭിമുഖത്തിൽ ഖാർഗെ വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പിന് മുമ്പ് ഭാരത് ജോഡോ യാത്ര നയിക്കുകയും തെരഞ്ഞെടുപ്പ് കാലത്ത് ശക്തമായ പ്രചാരണം നടത്തുകയും സഖ്യകക്ഷികളുമായി വേദി പങ്കിടുകയും പ്രധാനമന്ത്രിയെ കടന്നാക്രമിക്കുകയും ചെയ്ത രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള തന്റെ ചോയ്സ് എന്ന് ഖാർഗെ പറഞ്ഞു. ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും ഖാർഗെ പറഞ്ഞു.
അവസാന ഘട്ട വോട്ടെടുപ്പ് ദിവസമായ ശനിയാഴ്ച മൂന്നുമണിക്ക് ഖാർഗെയുടെ ഔദ്യോഗിക വസതിയിൽ ‘ഇൻഡ്യ’ സഖ്യം അനൗപചാരിക യോഗം ചേരാനിരിക്കേയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ഇടക്കാല ജാമ്യം നീട്ടാത്ത സാഹചര്യത്തിൽ ജയിലിലേക്ക് മടങ്ങാനിരിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇൻഡ്യ യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ഫലപ്രഖ്യാപനത്തിന് ശേഷം ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികൾക്കിടയിൽ ഏകോപനം ഉണ്ടാക്കുന്നതിനാണ് ശനിയാഴ്ചത്തെ യോഗമെന്ന് ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.