രാഹുൽ റായ്ബറേലിയിൽ; അമേത്തിയിൽ കിശോരിലാൽ ശർമ

ലഖ്നോ: ആഴ്ചകൾ നീണ്ട സസ്പെൻസിനൊടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപനം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ അമേത്തിയിലും സ്ഥാനാർത്ഥിയാകും. രണ്ട് മണ്ഡലങ്ങളിലേക്കും നാമനിർദേശ ​പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ടമായ മേയ് 20നാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ്.

വോട്ടെടുപ്പ് നടന്ന വയനാട്ടിലെ സിറ്റിങ് മണ്ഡലത്തിന് പുറമെയാണ് രാഹുൽ റായ്ബറേലിയിൽ സ്ഥാനാർഥിയാകുന്നത്. ഇന്ന് വിലുപലമായ റോഡ് ഷോ നടത്തിയാകും രാഹുൽ പത്രിക സമർപ്പിക്കാനെത്തുക എന്നാണ് വിവരം. 1952 മുതൽ ഈ സീറ്റ് ഗാന്ധി കുടുംബത്തോടൊപ്പമുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് വിജയിച്ച ഏക ലോക്‌സഭാ സീറ്റാണ് റായ്ബറേലി. രാജ്യസഭ അംഗമായതിനെ തുടർന്നാണ് റായ്ബറേലിയിൽ മത്സരിക്കുന്നതിൽനിന്നും സോണിയ ഗാന്ധി പിന്മാറിയത്.

പ്രിയങ്ക ഗാന്ധി മത്സരത്തിന് തയാറാവാതിരുന്നതോടെയാണ് അമേത്തിയിൽ കോൺഗ്രസ് കിഷോരി ലാൽ ശർമയിലേക്കെത്തിയത്. 2004, 2009, 2014 തെരഞ്ഞെടുപ്പുകളിൽ അമേത്തിയിൽനിന്നും രാഹുൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് 55,000 വോട്ടിന് തോറ്റു. 1977ൽ സഞ്ജയ് ഗാന്ധിയാണ് അമേത്തിയിൽ പരാജയപ്പെട്ട മറ്റൊരു ഗാന്ധി കുടുംബാംഗം.

ഉത്തർപ്രദേശിലെ 80ൽ 17 ലോക്‌സഭാ സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 63 സീറ്റുകളിൽ സഖ്യകക്ഷിയായ സമാജ്‌വാദി പാർട്ടിയാണ് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും ദിനേശ് പ്രതാപ് സിങ്ങിനെയുമാണ് ബി.ജെ.പി റായ്ബറേലി, അമേത്തി സീറ്റുകളിൽ മത്സരിപ്പിക്കുന്നത്.

Tags:    
News Summary - Rahul will contest from Raebareli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.