ചെന്നൈ: തമിഴ്നാട്ടിൽ അന്തരിച്ച മുതിർന്ന ഡി.എം.കെ നേതാവ് വാസുഗി മുരുകേശന്‍റെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി വേലുവിന്‍റേയും ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മണൽ ക്വാറികൾ, കെട്ടിട നിർമാണം എന്നിവ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് മന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടന്നത്. ഇ.വി വേലുവുമായി ബന്ധപ്പെട്ടവരുടെ വസതികളിലും റെയ്ഡ് നടന്നതായാണ് റിപ്പോർട്ട്.
1993ൽ ഇ.വി വേലു സ്ഥാപിച്ച തിരുവണ്ണാമലയിലെ അരുണൈ എൻജിനീയറിങ് കോളേജിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അന്തരിച്ച നേതാവ് വാസുഗി മുരുകേശന്‍റെ സഹോദരി പത്മയുടെ കാരൂർ കോർപറേഷനിലെ പെരിയാർ നഗറിലുള്ള വസതിയിലും റെയ്ഡ് നടന്നിട്ടുണ്ട്. ഡി.എം.കെ മുൻ ചെയർമാൻ ശക്തിവേലിന്‍റെ വസതിയിലും റെയ്ഡ് നടക്കുകയാണ്. സംസ്ഥാനത്തെ അറുപതോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
മന്ത്രിമാരായ സെന്തിൽ ബാലാജി, കെ. പൊന്മുടി, ഡി.എം.കെ എം.പി ജഗത് രക്ഷകൻ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ ഇ.ഡിയും ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നു. അതേസമയം പ്രതിപക്ഷത്തെ ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാരിന്‍റെ സ്ഥിരം ആയുധമാണ് നിലവിൽ സംസ്ഥാനത്ത് നടക്കുന്ന റെയ്ഡെന്നാണ് ഡി.എം.കെയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.