മുംബൈ: റെയിൽവേ പ്ലാറ്റ്ഫോമിൽ വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂർ ശഖറാം ഷെൽക്കെക്ക് പാരിതോഷികവുമായി റെയിൽവേ മന്ത്രാലയം. റെയിൽവേ പോയിന്റ്സ്മാനായ മയൂർ ഷെൽക്കെക്ക് 50,000 രൂപയാണ് മന്ത്രാലയം സമ്മാനിച്ചത്. ഷെൽക്കെയുടെ ധൈര്യം, മനസാന്നിധ്യം എന്നിവയെക്കുറിച്ച് പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ, സെൻട്രൽ റെയിൽവേ ജനറൽ മാനേജർക്ക് കത്തയക്കുകയും ചെയ്തു.
ഏപ്രിൽ 17ന് വംഗാനി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവെ പ്ലാറ്റ്ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകുന്നതിനിടെ കുട്ടി കാൽ തെറ്റി ട്രാക്കിലേക്ക് വീണുപോകുകയായിരുന്നു. കുതിച്ചു വരുന്ന എക്സ്പ്രസ് ട്രെയിൻ, അലമുറയിട്ട് കരയുന്ന അമ്മക്കു മുന്നിലേക്ക് എവിടെ നിന്നോ ഒരു ദൈവദൂതനെപ്പോലെ ഷെൽക്കെ ഓടി വരുകയും ട്രെയിനിന്‍റെ ഏതാനും വാര അകലെ വച്ച് കുട്ടിയെ ട്രാക്കിൽ നിന്ന് കോരിയെടുത്ത് പ്ലാറ്റ്ഫോമിലേക്ക് വെച്ച ശേഷം കയറി രക്ഷപ്പെടുന്ന വിഡിയോ വൈറലായിരുന്നു.
ബാംഗ്ലൂർ-മുംബൈ ഉദ്യാൻ എക്സ്പ്രസിന് ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പോയിന്റ്സ്മാനായ മയൂർ ഷെൽക്കെ കുട്ടി റെയിൽവെ ട്രാക്കിലേക്ക് വീഴുന്നത് കണ്ടത്. കുട്ടി ട്രാക്കിലേക്ക് വീണതോടെ താൻ ഭയന്നു പോയെതന്ന് അന്ധയായ മാതാവ് സംഗീത പറഞ്ഞു.
താൻ തന്‍റെ ജോലി മാത്രമാണ് ചെയ്തതെന്നായിരുന്നു ഇതേക്കുറിച്ച് 30കാരനായ ഷെൽക്കയുടെ പ്രതികരണം. പുനെക്കടുത്താണ് മയൂർ ഷെൽക്കെയുടെ സ്വദേശം. 2016 മാർച്ചിൽ റെയിൽെവയിൽ ജോലിയിൽ പ്രവേശിച്ചത്. ബിരുദധാരിയായ മയൂർ എട്ട് മാസത്തോളമായി വംഗാനി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
ഷെൽക്കയുടെ ധീരപ്രവർത്തിയിൽ നിരവധി പേർ അഭിനന്ദനവും സമ്മാനവുമായി എത്തിയിരുന്നു. റെയിൽവെ മന്ത്രി പീയുഷ് ഗോയൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. ആനന്ദ് മഹീന്ദ്ര ബ്രാൻഡ് ന്യൂ മഹീന്ദ്ര താൻ സമ്മാനിക്കുകയും ജാവ മോട്ടോർ സൈക്കിൾ പുതിയ വാഹനം സമ്മാനിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.