ന്യൂഡല്‍ഹി: കുട്ടികളുടെ യാത്രാനിരക്ക് ഉയർത്തിയതുവഴി ഏഴുവര്‍ഷത്തിനിടെ റെയില്‍വേക്ക് ലഭിച്ചത് 2,800 കോടിയിലേറെ രൂപയെന്ന് വിവരാവകാശ രേഖ. 2022-23 സാമ്പത്തിക വര്‍ഷത്തിൽ മാത്രം 560 കോടി രൂപ റെയിൽവേക്ക് ഇതുവഴി ലഭിച്ചെന്നും സെന്റർ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷൻ, ചന്ദ്രശേഖർ ഗൗർ എന്നയാൾക്ക് വിവരാവകാശ രേഖ പ്രകാരം നൽകിയ മറുപടിയിൽ പറയുന്നു. കോവിഡ് മഹമാരിയെത്തുടർന്ന് 2020-21 കാലത്താണ് തുക ലഭിക്കുന്നതിൽ ഇടിവുണ്ടായത്. ആ വർഷം ലഭിച്ചത് 157 കോടി രൂപയായിരുന്നു.
അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് പ്രത്യേകം സീറ്റോ ബെര്‍ത്തോ വേണമെങ്കില്‍ പകുതി നിരക്കായിരുന്നു റെയിൽവേ ഈടാക്കിയിരുന്നത്. ഇത് ഒഴിവാക്കി മുഴുവൻ സീറ്റിനും ബർത്തിനും മുഴുവൻ തുകയും ഈടാക്കാൻ 2016ലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്.
2016 ഏപ്രില്‍ 21 മുതല്‍ മുഴുവൻ തുകയും ഈടാക്കിത്തുടങ്ങി. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് നിലവിൽ പകുതി നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുമെങ്കിലും ബർത്തോ സീറ്റോ അനുവദിക്കില്ല. ഒപ്പം യാത്രചെയ്യുന്ന ആളുടെ സീറ്റിലോ ബർത്തിലോ കുട്ടിയും ഇരിക്കണം.
നിരക്ക് ഉയർത്തിയതിനുശേഷം 3.6 കോടിയിലധികം കുട്ടികൾ റിസർവ് ചെയ്ത സീറ്റ് തിരഞ്ഞെടുക്കാതെ ടിക്കറ്റ് നിരക്കിന്റെ പകുതി നൽകി മുതിർന്നവർക്കൊപ്പം യാത്രചെയ്തു. അതേസമയം, 10 കോടിയിലധികം കുട്ടികൾ മുഴുവൻ നിരക്കും നൽകി സീറ്റ് ബുക്ക് ചെയ്തുവെന്നും ഡേറ്റ വ്യക്തമാക്കുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് നേരത്തെ നല്കിയ ഇളവ് കോവിഡിന്റെ മറവിൽ പിന്‍വലിച്ചതുവഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെയില്‍വേക്ക് 2,242 കോടി രൂപയാണ് ലഭിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.