ന്യൂഡൽഹി: ഒമ്പത് അന്തർ സംസ്ഥാന തൊഴിലാളികൾ ശ്രമിക് ട്രെയിനുകളിൽ മരിച്ചതിന് പിന്നാലെ യാത്രക്കാർക്ക് നിർദേശവുമായി ഇന്ത്യൻ റെയിൽവേ. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ, 10 വയസിൽ താഴെയുള്ള കുട്ടികൾ, 65 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവർ ശ്രമിക് ട്രെയിനുകളിലെ യാത്ര പരമാവധി ഒഴിവാക്കണമെന്ന് റെയിൽവേ അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഇൗ വിഭാഗത്തിലുള്ളവർ ശ്രമിക് ട്രെയിനുകളിൽ യാത്ര ചെയ്യാവൂയെന്നും റെയിൽവേ വ്യക്തമാക്കി.
രാജ്യത്തിെൻറ വിവിധയിടങ്ങളിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായാണ് റെയിൽവേ ശ്രമിക് ട്രെയിനുകൾ തുടങ്ങിയത്. എന്നാൽ, ഗുരുതര രോഗമുള്ള പലരും ഇത്തരം ട്രെയിനുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഇത് സ്ഥിതി രൂക്ഷമാക്കുന്നുവെന്നാണ് റെയിൽവേ വിലയിരുത്തൽ. ശ്രമിക് ട്രെയിൻ യാത്രക്കിടെ ചിലർ മരിക്കുന്ന സാഹചര്യവുമുണ്ടായെന്നും റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിൻ യാത്രക്കിടെ ഒമ്പത് അന്തർ സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. അന്തരീക്ഷ താപനില ഉയരുന്നതും പട്ടിണിയും ഡിഹൈഡ്രേഷനും തൊഴിലാളികൾക്ക് വെല്ലുവിളിയാവുന്നുണ്ട്. മരണങ്ങളിൽ റെയിൽവേക്കെതിരെ വിമർശനങ്ങൾ ഉയർന്നതോടെയാണ് പുതിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.