ന്യൂഡൽഹി: പ്ലീനറി സമ്മേളനത്തിനുപിന്നാലെ കോൺഗ്രസിൽ പല തലത്തിൽ നടക്കാൻ പോകുന്ന പുനഃസംഘടന വ്യക്തമാക്കി ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡൻറ് രാജ്ബബ്ബാറും രാജിവെച്ചു. കഴിഞ്ഞ ദിവസം ഗോവ പി.സി.സി പ്രസിഡൻറ് ശാന്താറാം നായിക് രാജിവെച്ചതിനു പിന്നാലെയാണിത്.ഗുജറാത്ത് പി.സി.സി പ്രസിഡൻറ് ഭരത്സിങ് സോളങ്കിയും ഒഴിഞ്ഞേക്കും.
യു.പിയിൽ ഇൗയിടെ നടന്ന രണ്ട് ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിലും സഖ്യമുണ്ടാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുകയും മത്സരിച്ച് ദയനീയമായി തോൽക്കുകയും ചെയ്തതിനുപിന്നാലെയാണ് രാജ്ബബ്ബാറിെൻറ രാജി. അത് മുൻനിർത്തിയാണോ രാജിയെന്ന ചോദ്യത്തിന്, യു.പിയിൽ തോൽവി കോൺഗ്രസിന് തുടർക്കഥയാെണന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി പുതിയ ക്രമീകരണം വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ചയാണ് ഗോവ പി.സി.സി പ്രസിഡൻറ് ശാന്താറാം നായിക് ഒഴിഞ്ഞത്. യുവാക്കൾക്കുവേണ്ടി വഴിമാറണമെന്ന പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്ലീനറി ആഹ്വാനം പൂർണാർഥത്തിൽ ചെവിക്കൊള്ളുകയാണെന്ന് 71കാരനായ ശാന്താറാം നായിക് പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ മാത്രമാണ് അദ്ദേഹം പി.സി.സി പ്രസിഡൻറായത്. ഗുജറാത്തിൽ ബി.ജെ.പിയോട് ശക്തമായി ഏറ്റുമുട്ടി കോൺഗ്രസ് പിടിച്ചുനിന്നെങ്കിലും രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ ഭരത്സിങ് സോളങ്കിക്ക് രോഷമുണ്ട്. രാജ്യസഭ തെരഞ്ഞെടുപ്പിൽ അഹ്മദ് പേട്ടൽ തലനാരിഴക്ക് ജയിച്ചെങ്കിലും വോട്ട് മറുകണ്ടം ചാടിയ സംഭവത്തോടെ സോളങ്കിയുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. രാജിവെക്കുന്നുവെന്ന സൂചനകൾ ശരിയല്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. എന്നാൽ, അമേരിക്കൻ യാത്രക്ക് പുറപ്പെടാനിരുന്ന സോളങ്കി യാത്ര മാറ്റിവെച്ചിട്ടുണ്ട്. പ്ലീനറി കഴിഞ്ഞതിനുപിറ്റേന്ന് അദ്ദേഹം രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. സോളങ്കിയുടെ പ്രകടനത്തിൽ രാഹുൽ തൃപ്തനല്ല. ഒക്ടോബറിൽ കോൺഗ്രസിൽ ചേർന്ന അൽപേഷ് താക്കൂറിനെ പ്രസിഡൻറായി പരിഗണിക്കുന്നുണ്ട്. ശക്തിസിങ് കോഹിൽ ആണ് മറ്റൊരാൾ.
കേരളത്തിൽ എം.എം. ഹസെൻറ പ്രസിഡൻറ്പദത്തിന് ആയുസ്സ് എത്രയെന്ന് വ്യക്തമല്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും റോഡ് ഷോയും കണക്കിലെടുത്താൽ, ഉടനടി മാറ്റം നടന്നില്ലെങ്കിൽ കുറച്ചുനാൾ കൂടി തുടരാനാവും. േലാക്സഭ തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ യുവത്വമുള്ള പുതിയ പ്രസിഡൻറ് വരണമെന്ന താൽപര്യം ഹൈകമാൻഡിനും സംസ്ഥാനതലത്തിലുമുണ്ട്. എ പക്ഷത്തിെൻറ താങ്ങിലാണ് ഹസെൻറ നിൽപ്. ഇൗ മാസം 27ന് അദ്ദേഹം പ്രസിഡൻറായിട്ട് ഒരു വർഷം തികയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.