മുംബൈ: മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെക്കെതിരെ തുറന്നടിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സഹോദരൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായതാണ് രാജ് താക്കറെയുടെ പ്രശ്‌നമെന്നും എന്തുകൊണ്ടാണ് വിലാസ് റാവു ദേശ്മുഖും പൃഥ്വിരാജ് ചവാനും ദേവേന്ദ്ര ഫഡ്‌നാവിസും മുഖ്യമന്ത്രിയായിരുന്ന കാലത്തൊന്നും ഇവർ ഉച്ചഭാഷിണി പ്രശ്നമായി ഉന്നയിക്കാഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
താന്‍ സർക്കാർ രൂപീകരിക്കുമ്പോൾ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യുമെന്ന ബാൽ താക്കറെയുടെ ഒരു വിഡിയോ കഴിഞ്ഞദിവസം രാജ് താക്കറെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ 50 വർഷത്തോളം ഈ വിഷയത്തെക്കുറിച്ച് ഉന്നയിക്കാതിരുന്ന രാജ് താക്കറെ ബാലാസാഹെബിന്റെ ക്ലിപ്പുമായി ഇപ്പോൾ കടന്നുവരുന്നതിനെ റാവത്ത് പരിഹസിച്ചു.
വിഡിയോക്ക് മറുപടിയായി മഹാരാഷ്ട്രക്ക് വേണ്ടി ഒരു മുസ്ലിം മുഖ്യമന്ത്രിയെപ്പോലും അംഗീകരിച്ച വ്യക്തിയായിരുന്നു ബാലാസാഹെബെന്നും റാവത്ത് പറഞ്ഞു. ബാൽ താക്കറെയുടെ കാലത്ത് ഒരു മുസ്ലിം മുഖ്യമന്ത്രിയെയാണ് അംഗീകരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവസേന അധികാരത്തിലെത്തുമ്പോൾ മികച്ച ഭരണാധികാരിയും തൽക്ഷണം തീരുമാനമെടുക്കാൻ കഴിയുന്നതുമായ അബ്ദുൾ റഹ്മാൻ അന്തൂലയെ മുഖ്യമന്ത്രിയാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അബ്ദുൾ റഹ്മാൻ അന്തൂല ബാലാസാഹെബിന്‍റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായിരുന്നെന്നും ഈ കഥയൊന്നും പല ചെറുപ്പക്കാർക്കും അറിയില്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.