മുംബൈ: മേയ് മൂന്നിന് ശേഷം പള്ളികളിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിച്ചാൽ ഇരട്ടി ശബ്ദത്തിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന എം.എൻ.എസ് നേതാവ് രാജ് താക്കറെയുടെ ആഹ്വാനത്തിന്‍റെ പശ്ചാത്തലത്തിൽ മുംബൈയിൽ പൊലീസ് ജാഗ്രതയിൽ. ഈദ് ദിനമായ മൂന്നിന് ശേഷം ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കരുതെന്നാണ് രാജ് താക്കറെയുടെ ഭീഷണി. കരുതൽ നടപടിയുടെ ഭാഗമായി രാജ് താക്കറെക്ക് ഐ.പി.സി 149 പ്രകാരം നോട്ടീസ് നൽകി. ഇതുപ്രകാരം പൊലീസ് ആവശ്യപ്പെടുമ്പോൾ സ്റ്റേഷനിൽ ഹാജരാകേണ്ടതുണ്ട്.
ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കുന്ന പള്ളികൾക്ക് മുന്നിൽ ഇരട്ടി ശബ്ദത്തിൽ ഹനുമാൻ കീർത്തനം കേൾപ്പിക്കാനാണ് താക്കറെയുടെ ആഹ്വാനം. പള്ളികളിൽ ഉച്ചഭാഷിണി നിരോധിക്കുംവരെ പ്രതിഷേധിക്കുമെന്നും പറഞ്ഞിരുന്നു.
അതേസമയം, സംഘർഷ സാധ്യത ഒഴിവാക്കാനായി മുംബൈയിൽ വിവിധയിടങ്ങളിൽ പള്ളികളിൽ ഉച്ചഭാഷിണി ഒഴിവാക്കിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. കല്യാണിൽ പുലർച്ചെ ബാങ്കുവിളിച്ചത് ഉച്ചഭാഷിണിയില്ലാതെയാണ്. പൻവേലിൽ മൂന്ന് പള്ളികൾക്ക് മുന്നിൽ ഹനുമാൻ കീർത്തനം വായിക്കാനെത്തിയെന്നും ബാങ്കുവിളിക്ക് ഉച്ചഭാഷിണി ഒഴിവാക്കിയതിനാൽ പരിപാടി ഒഴിവാക്കിയതായും എം.എൻ.എസ് പ്രവർത്തകർ ട്വിറ്ററിലൂടെ അവകാശപ്പെട്ടു.
രാജ് താക്കറെയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാഗ്രതയോടുള്ള സമീപനമാണ് പൊലീസ് കൈക്കൊള്ളുന്നത്. ഉന്നത പൊലീസ് ഓഫിസർമാർ യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി.
ഉച്ചഭാഷിണികൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളിലൂടെ മൂന്ന് പേജ് പ്രസ്താവന രാജ്താക്കറെ പങ്കുവെച്ചിരുന്നു. നാളെ പള്ളികളിൽ നിന്നും ഉച്ചഭാഷിണിയിലൂടെ വാങ്ക് വിളി ഉയർന്നാൽ ഉടൻ ഹനുമാൻ ചാലിസ ഉച്ചഭാഷിണിയിലൂടെ വായിക്കണമെന്ന് ഹിന്ദുക്കളോട് ആവശ്യപ്പെടുകയാണ്. ഉച്ചഭാഷിണി മൂലമുണ്ടാകുന്ന പ്രശ്നം അവരും മനസിലാക്കട്ടെയെന്നും രാജ് താക്കറെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
അതേസമയം, ക്രമസമാധാനപാലനം ഉറപ്പുവരുത്താനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. നിരവധി എം.എൻ.എസ് നേതാക്കൾക്കും സെക്ഷൻ 144 പ്രകാരം നോട്ടീസ് നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.