രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ്; മൂന്ന് മണി വരെ 56 ശതമാനം പോളിങ്

ജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയുള്ള കണക്കുകൾ പുറത്തുവന്നപ്പോൾ 56 ശതമാനം പോളിങ്. വൈകീട്ട് ആറ് മണി വരെയാണ് പോളിങ്. സംസ്ഥാനത്തെ 200 സീറ്റുകളിൽ 199 ​സീ​റ്റി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് നടക്കുന്നത്. കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ശ്രീ​ഗം​ഗാ​ന​ഗ​ർ ക​ര​ൺ​പു​ർ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പ്​ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. മറ്റ് നാല് സംസ്ഥാനങ്ങളോടൊപ്പം ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം. 

നിലവിൽ അധികാരത്തിലുള്ള കോൺഗ്രസും പ്രതിപക്ഷത്തുള്ള ബി.ജെ.പിയും തുല്യശക്തികളായി നേർക്കുനേർ പോരാട്ടം നടക്കുന്ന രാജസ്ഥാനിൽ രണ്ടു പാർട്ടികൾക്കും ചങ്കിടിപ്പായി നിരവധി ചെറുകക്ഷികളും വിമതരടക്കം സ്വതന്ത്രരും ഒരുകൈ നോക്കുന്നുണ്ട്. മായാവതിയുടെ ബി.എസ്.പി എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടി 86 സീറ്റിലും സി.പി.എം 17 സീറ്റിലും ബലപരീക്ഷണം നടത്തുന്നു. ആർ.എൽ.പി, ഭാരതീയ ട്രൈബൽ പാർട്ടി, ആർ.എൽ.ഡി, ജെ.ജെ.പി, എ.ഐ.എം.ഐ.എം, ആസാദ് സമാജ് പാർട്ടി എന്നിവ മറ്റു പാർട്ടികൾ. കഴിഞ്ഞ തവണ പ്രധാന പാർട്ടികളെ പിന്തള്ളി ജയിച്ചത് 13 സ്വതന്ത്രരാണ്. ചെറുപാർട്ടികളും സ്വതന്ത്രരും ചേർന്ന് പിടിച്ചത് 22 ശതമാനം വോട്ടും ആകെ 27 സീറ്റുമാണ്. കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും വോട്ടിലെ അന്തരം അര ശതമാനം മാത്രം.

199 മണ്ഡലങ്ങളിലായി 5,25,38,105 പേർക്കാണ് വോട്ടവകാശം. ഇക്കൂട്ടത്തിൽ നൂറു കഴിഞ്ഞ 17,241 പേരുണ്ട്. വനിതകൾ 2.52 കോടി, പുരുഷന്മാർ 2.73 കോടി. വോട്ടർപട്ടികയിൽ പുരുഷന്മാരാണ് കൂടുതലെങ്കിലും കഴിഞ്ഞ തവണ വോട്ടുചെയ്തവരിൽ കൂടുതൽ സ്ത്രീകളായിരുന്നു. 1875 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 183 പേർ മാത്രമാണ് സ്ത്രീകൾ. 51,756 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 

Tags:    
News Summary - Rajasthan assembly election updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.