ന്യൂഡൽഹി: രാജസ്ഥാൻ സർക്കാർ സംസ്ഥാനത്തെ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന മുഴുവൻ മുസ്ലിം ജീവനക്കാരുെടയും വിവരങ്ങൾ ചോദിച്ച് കത്തയച്ചു. നവംബർ 30ന് സംസ്ഥാന ജോയൻറ് ഡയറക്ടർ ബി.എൽ. സൈനിയാണ് മെഡിക്കൽ ചീഫുമാർ, ജില്ല ആരോഗ്യവിഭാഗം തലവന്മാർ എന്നിവർക്ക് പ്രാഥമിക ആരോഗ്യകേന്ദ്രം മുതലുള്ള മുഴുവൻ മുസ്ലിം ജീവനക്കാരുടേയും വിവരങ്ങൾ ചോദിച്ച് കത്തയച്ചത്.
കേന്ദ്ര സർക്കാറിെൻറ നിർദേശപ്രകാരമാണ് കണക്കെടുത്തതെന്നും ഡിസംബർ 14 നകം ശേഖരിച്ച വിവരങ്ങൾ കേന്ദ്രത്തിന് അയക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് 2005ൽ മൻമോഹൻ സിങ് സർക്കാർ നിയോഗിച്ച സച്ചാർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് നടപ്പിൽ വരുത്താനാണ് കണക്കെടുക്കൽ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, എന്തിെൻറ അടിസ്ഥാനത്തിലാണ് കണക്കെടുപ്പെന്ന് ജോയൻറ് ഡയറക്ടർ ബി.എൽ. സൈനി അയച്ച സർക്കുലറിൽ പറയുന്നില്ല.
മുസ്ലിംജീവനക്കാരുടെ കണക്ക് ആവശ്യപ്പെട്ട് തനിക്ക് കത്ത് ലഭിച്ചതായും എന്തിനാണ് കണക്കെടുക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും മെഡിക്കൽ ഹെൽത്ത് ഒാഫിസറായ ഡോ. മനോജ് ശർമ പറഞ്ഞു. മതാടിസ്ഥാനത്തിൽ കണക്കെടുക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കാൻ സർക്കാർ തയാറാവണമെന്ന് രാജസ്ഥാനിലെ ഡോക്ടർമാരുടെ അസോസിയേഷനിൽ അംഗമായ ഡോ. നസ്രീൻ ഭാരതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.