മുസ്‍ലിംകളുടെ വളർച്ച നിരക്ക് മൂന്ന് പതിറ്റാണ്ടായി കുറയുന്നു; പ്രധാനമന്ത്രിയുടെ കണക്ക് തെറ്റിദ്ധരിപ്പിക്കുന്നത്

രാജ്യത്ത് മുസ്ലിം ജനസംഖ്യയിൽ വൻ വർധനവും ഹിന്ദുക്കളുടേത് കുത്തനെ ഇടിഞ്ഞെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇ.എ.സി- പി.എം) കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. എന്നാൽ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുത വിരുദ്ധവുമാണെന്ന് വ്യക്തമാക്കുകയാണ് രാജ്ദീപ് സർദേശായി എക്സ് പോസ്റ്റിലൂടെ.

ഇ.എ.സി- പി.എം റിപ്പോർട്ടിന്റെ വാസ്തവമിതാണ് എന്നു പറഞ്ഞാണ് അദ്ദേഹം എക്സിൽ കുറിപ്പിട്ടത്.  പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ഉദ്ധരിച്ചാണ് കുറിപ്പ്. 

ജനസംഖ്യ കണക്കെടുപ്പനുസരിച്ച് മുസ്‍ലിംകളുടെ ദശാബ്ദ വളർച്ച നിരക്ക് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കുറഞ്ഞുവരികയാണെന്നാണ് രാജ്ദീപ് സർദേശായി ചൂണ്ടിക്കാണിക്കുന്നത്. മുസ്‍ലിംകളുടെ ദശാബ്ദ വളർച്ച നിരക്ക് 1981-1991 ൽ 32.9 ശതമാനമായിരുന്നു. 2001-2011ലെ സെൻസസ് പ്രകാരം അത് 24.6 ശതമാനമായി കുറഞ്ഞു. ഇതേ കാലയളവിൽ 22.7 ശതമാനത്തിൽ നിന്ന് 16.8 ശതമാനമായി കുറഞ്ഞ ഹിന്ദുക്കളുടെ വളർച്ച നിരക്കിനേക്കാൾ കൂടുതലാണ് മുസ്‍ലിംകളുടെ ജനസംഖ്യ വളർച്ച നിരക്കിലെ ഇടിവ്.

ഇ.എ.സി- പി.എം പുറത്ത് വിട്ട റിപ്പോർട്ടിന് 1951 മുതൽ 2011 വരെയുള്ള സെൻസസ് ഡാറ്റയുമായി ബന്ധമുണ്ട്. എല്ലാ മതവിഭാഗങ്ങളിലെയും മൊത്തം ഫെർട്ടിലിറ്റി നിരക്ക് കുറയുകയാണ്. ഫെർട്ടിലിറ്റി നിരക്കിൽ 2005-06 മുതൽ 2019-21 വരെ ഏറ്റവും കുറവ് ഉണ്ടായത് മുസ്‍ലിംകൾക്കിടയിലാണ്. ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഹിന്ദുക്കൾക്കിടയിൽ ഇത് 0.7 ശതമാനം വരും. ഫെർട്ടിലിറ്റി നിരക്കിന് വിദ്യാഭ്യാസം, വരുമാന നിലവാരം എന്നിവയുമായും അടുത്ത ബന്ധമുണ്ട്. മതമല്ല അതിന് അടിസ്ഥാനം. മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയിൽ മെച്ചപ്പെട്ട നിലയിലുള്ള കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ എല്ലാ മതവിഭാഗങ്ങളിലും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉദാഹരണമായി, കേരളത്തിലെ മുസ്‍ലിം സ്ത്രീകളുടെ ഫെർട്ടിലിറ്റി നിരക്ക് 2.25 ശതമാനമാണ്. അത് ബിഹാറിലെ ഹിന്ദു സ്ത്രീകളേക്കാൾ(2.88) കുറവാണ്. മതത്തിലല്ല, വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത്തരം അബദ്ധ വചനങ്ങൾ ഒഴിവാക്കുക. -സർദേശായി കുറിച്ചു.

Tags:    
News Summary - Rajdeep Sardesai reacts on Economic Advisory Council to PM study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.