തമിഴ്നാട്ടിൽ സൂപ്പർസ്റ്റാർ രജനീകാന്ത് പുതിയ പാർട്ടി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകർ. രജനിയുടെ പാർട്ടിയുടെ സ്വഭാവവും ബന്ധങ്ങളും എന്തായിരിക്കുമെന്ന ചർച്ചയിലാണ് രാഷ്ട്രീയ ഉപശാലകൾ മുഴുവൻ. ദശാബ്ദങ്ങളായി ദ്രാവിഡ കക്ഷികൾ അടക്കിവാണ തമിഴ്നാട്ടിൽ രജനിയുടെ പാർട്ടി പുതിയ അധികാര സമവാക്യം സൃഷ്ടിക്കുമോ എന്നാണ് എല്ലാവരും നോക്കുന്നത്.
ജയലളിതയുടെ മരണത്തെ തുടർന്നുണ്ടായ ശൂന്യത പുതിയൊരു താര നേതാവിനുള്ള സാധ്യതയാണ് എന്ന് തിരിച്ചറിഞ്ഞതുമുതൽ ശക്തിപ്പെട്ടതാണ് രജനിയുടെ രാഷ്ട്രീയ പ്രവേശന നീക്കങ്ങൾ. ആരോഗ്യ പ്രശ്നങ്ങൾ കാരണം രജനി സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ സാധ്യതയില്ലെന്ന് കരുതുന്ന സാഹചര്യത്തിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. മൂന്ന് വർഷമായി നടക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ ൈക്ലമാക്സിലെത്തുന്നത്.
മത-ജാതി രഹിതമായ ആത്മീയതിലൂന്നിയ മതേതര കക്ഷി എന്നാണ് തൻെറ പാർട്ടിയെ രജനി പരിചയപ്പെടുത്തുന്നത്. തമിഴ്നാട്ടിൽ പ്രബലമായ ദ്രാവിഡ കക്ഷികളുടെ ആശയാടിത്തറ ജാതി സംവിധാനത്തെ പ്രശ്നവത്കരിക്കുന്നതും ഇടത് വീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ്. ഡി.എം.കെയുടെ അനിഷേധ്യ നേതാവായിരുന്ന കരുണാനിധിക്ക് മതാഭിമുഖ്യം തന്നെയുണ്ടായിരുന്നില്ല. ഇപ്പോൾ ഡി.എം.കെയെ നയിക്കുന്ന സ്റ്റാലിനും മറ്റൊരു രാഷ്ട്രീയ കക്ഷിയായി ഉയർന്നു വരാൻ ശ്രമിക്കുന്ന കമൽ ഹാസനും മതാഭിമുഖ്യം ഇല്ലാത്തവരും ഇടത് ചിന്തകൾ പങ്കുവെക്കുന്നവരുമാണ്. ഇതിനിടയിലാണ് 'ആത്മീയതയിലൂന്നിയ രാഷ്ട്രീയം' എന്ന പുതിയ ചേരുവ രജനി പരീക്ഷിക്കുന്നത്. ഈ പുതിയ ചേരുവ ഏറ്റവും അടുത്തു നിൽക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയത്തോടാണ്.
തമിഴ്നാട്ടിൽ ബി.ജെ.പി ചുവടുറപ്പിക്കാൻ നടത്തുന്ന നീക്കങ്ങളും അമിത്ഷായെ പോലുള്ള ഉന്നത നേതാക്കൾ രജനിയുമായി നടത്തിയ ചർച്ചകളും ബന്ധപ്പെടുത്തി രജനിയുടെ പാർട്ടിയുടെ സ്വഭാവം മനസിലാക്കാൻ ശ്രമിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. എന്നാൽ, ബി.ജെ.പിയെ പുകഴ്ത്തിയും വിമർശിച്ചുമെല്ലാം പൊതുപ്രസ്താവനകൾ നടത്തിയിട്ടുള്ള രജനി പുതിയ രാഷ്ട്രീയ സഖ്യത്തെകുറിച്ച് ഇതുവരെ മനസ് തുറന്നിട്ടില്ല. അതേസമയം, രജനിയുടെ നീക്കങ്ങൾക്ക് പിന്തുണ നൽകുന്നത് ബി.ജെ.പിയാണെന്ന വിമർശനങ്ങൾ ശക്തമാണ്. ദ്രാവിഡ കക്ഷികൾക്ക് ശക്തമായ വേരുകളുള്ള തമിഴ്നാട്ടിൽ ബി.ജെ.പിക്ക് വേരോടിക്കാൻ മണ്ണിളക്കി കൊടുക്കുന്ന ദൗത്യമാണ് രജനി നിർവഹിക്കുന്നത് എന്നാണ് വിമർശകർ പറയുന്നത്. നിലവിൽ തങ്ങളുമായി സഹകരിക്കുന്ന എ.െഎ.ഡി.എം.കെക്ക് താരപ്രഭയുള്ള നേതാക്കളില്ലാത്തതും അതിനകത്തെ ഉൾപ്പോരുകളും മാറിചിന്തിക്കാൻ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നുണ്ട്. സ്റ്റാലിൻെറ നേതൃത്വത്തിൽ ഡി.എം.കെ നയിക്കുന്ന മുന്നണി അധികാരത്തിൽ വരുന്നത് തടയുകയും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മോശമല്ലാത്ത നിലയിൽ സാന്നിധ്യമറിയിക്കുകയും ചെയ്യുകയാണ് ബി.ജെ.പിയുടെ പ്രഥമ പരിഗണന.
ബി.ജെ.പിയുമായുള്ള ബാന്ധവത്തെ കുറിച്ച് രജനി ഇതുവരെ മനസ് തുറന്ന് പൊതുപ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും തൻെറ രാഷ്ട്രീയ പാർട്ടിയുടെ കടിഞ്ഞാൺ ബി.ജെ.പി പശ്ചാത്തലമുള്ളവരെയാണ് ഏൽപിച്ചിട്ടുള്ളത്. പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായി രജനി നിയമിച്ച അർജുൻ മൂർത്തി ബി.ജെ.പിയുടെ ബൗദ്ധിക വിഭാഗത്തിൻെറ നേതാവാണ്. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന അർജുൻ മൂർത്തി രജനിയുടെ പാർട്ടിയുടെ ചുമതല ഏറ്റെടുക്കുന്നതിൻെറ ഭാഗമായാണ് ബി.ജെ.പിയിൽ നിന്ന് രാജിവെക്കുന്നത്. പാർട്ടി നേതൃത്വം ഉടനെ അതംഗീകരിച്ചതായി അറിയിപ്പും പുറത്തുവിട്ടു. ബി.ജെ.പി ദേശീയ നേതൃത്വവുമായും അടുത്ത ബന്ധമുള്ളയാളാണ് അർജുൻ മൂർത്തി.
തമിഴരുവി മണിയനാണ് പാർട്ടിക്ക് നേതൃത്വം കൊടുക്കുന്ന മറ്റൊരാൾ. ജനതാപാർട്ടി, ലോകശക്തി, കോൺഗ്രസ് പാർട്ടികളിലൊക്കെ പ്രവർത്തിച്ച തമിഴരുവി മണിയൻ 2009 ൽ 'ഗാന്ധി മക്കൾ ഇഴക്കം' എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. എന്നാൽ, ഈ നീക്കം കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമായി പ്രവർത്തിച്ച തമിഴരുവി 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തനിച്ചാണ് മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പിൽ 2000 വോട്ട് പോലും ലഭിക്കാത്തതിനാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പൊതു ജീവിതത്തിൽ നിന്ന് അകന്ന് കഴിഞ്ഞിരുന്ന തമിഴരുവിയെ രജനി 2017 ൽ നേരിൽ കണ്ട് കൂടെ ചേർക്കുകയായിരുന്നു. അതിന് ശേഷം രജനിയെ പ്രതിനിധീകരിച്ചും പ്രതിരോധിച്ചും ടി.വി. ചർച്ചകളിലടക്കം തമിഴരുവി പങ്കെടുക്കുന്നുണ്ട്.
ബി.ജെ.പിവിരുദ്ധ നിലപാടുകൾ പലപ്പോഴും പരസ്യമായി പ്രഖ്യാപിച്ച കമൽഹാസൻ രജനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൻെറ സാധ്യത തേടുന്നുണ്ട്. നേരത്തെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച കമൽഹാസനും തെരഞ്ഞെടുപ്പിൽ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നതിനായി കാത്തിരിക്കുകയാണ്. അതേസമയം, ഒരു നേതാവിൽ അധികാരം കേന്ദ്രീകരിക്കുന്ന ശൈലിയാണ് എല്ലാ കക്ഷികളുടെയും പതിവെന്നതിനാൽ കമൽ-രജനി സഖ്യം യാഥാർഥ്യമായാൽ തന്നെ അൽപായുസുണ്ടാവാനേ സാധ്യതയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.