ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കാൻ ഗവർണർ ബൻവാരിലാൽ പുരോഹിതിനോട് ശിപാർശചെയ്യാൻ തമിഴ്നാട്സർക്കാർ തീരുമാനം. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അധ്യക്ഷതയിൽ രണ്ടു മണിക്കൂർനീണ്ട സംസ്ഥാന മന്ത്രിസഭ യോഗമാണ് ഭരണഘടനയുടെ 161ാം വകുപ്പ് അനുസരിച്ച് ഇവരെ വിട്ടയക്കാൻ നിർണായക തീരുമാനമെടുത്തത്.
27 വർഷമായി ജയിലിൽകഴിയുന്ന മുരുകൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, രവിചന്ദ്രൻ, റോബർട്ട് പയസ്, നളിനി എന്നിവർക്കാണ് ഇതോടെ വർഷങ്ങൾക്കുശേഷം മോചനമാകുന്നത്. പേരറിവാളൻ നൽകിയ ദയാഹരജി പരിഗണിക്കാൻ സുപ്രീംകോടതി കഴിഞ്ഞദിവസം ഗവർണറോട് നിർദേശിച്ചിരുന്നു. ഇവരെ വിട്ടയക്കാൻ നേരേത്ത തമിഴ്നാട് ഗവർണറുടെ തീരുമാനത്തിനെതിരെ കേന്ദ്രം നൽകിയ പരാതി തള്ളിയശേഷമായിരുന്നു നിർദേശം.
പരമോന്നത കോടതിയെ സമീപിച്ച പേരറിവാളെൻറ ഹരജിയിൽ മാത്രമാണ് വിധിയുണ്ടായതെങ്കിലും എല്ലാ പ്രതികളെയും മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇവരും നേരേത്ത ദയാഹരജി നൽകിയിരുന്നുവെന്നത് പരിഗണിച്ചാണ് തീരുമാനം. മോചിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം അടിയന്തരമായി ഗവർണർക്ക് കൈമാറുമെന്ന് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ പറഞ്ഞു.
ഞായറാഴ്ച രാത്രിതന്നെ ഇതുസംബന്ധിച്ച നടപടികൾ തുടങ്ങി. 1991 മേയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എൽ.ടി.ടി.ഇ അംഗം തനുവെന്ന ചാവേർ െപാട്ടിത്തെറിച്ചായിരുന്നു ദുരന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.