ന്യൂഡൽഹി: ഇന്ത്യയുടെ ഭൂമി ആർക്കും വിട്ടുനൽകില്ലെന്നും ചൈനയുടെ ഏത് നീക്കത്തെയും പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യം സജ്ജമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അരുണാൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖയിൽ കഴിഞ്ഞ ദിവസം ഇന്ത്യ-ചൈനീസ് സൈനികർ തമ്മിലുണ്ടായ സംഘർഷം സംബന്ധിച്ച് ലോക്സഭയിൽ പ്രസ്താവന നടത്തുകയായിരുന്നു കേന്ദ്ര മന്ത്രി.
ഡിസംബർ ഒമ്പതിന് തവാങ് സെക്ടറിലെ യാങ്സേയിലാണ് ചൈനീസ് സൈന്യം കടന്നുകയറാൻ ശ്രമിച്ചത്. ചൈനയുടെ നീക്കത്തെ ഇന്ത്യൻ സേന ശക്തമായി പ്രതിരോധിച്ചു. സൈന്യത്തിന്‍റെ ശക്തമായ നീക്കത്തിൽ ചൈനീസ് സേനയെ തിരിച്ചയച്ചു. ഒരു ഇന്ത്യൻ സൈനികന് പോലും ഗുരുതര പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ല. എന്നാൽ, ഇരുവിഭാഗത്തെ ഏതാനും സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. അവസരോചിതമായി ഇന്ത്യൻ സൈന്യം ഇടപെട്ടെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
അതിർത്തിയിൽ തൽസ്ഥിതി മാറ്റാൻ ചൈന ശ്രമം നടത്തി. ചൈനീസ് നീക്കത്തെ ഇന്ത്യൻ സേന പ്രതിരോധിക്കുകയാണ് ചെയ്തത്. തുടർന്ന് ചൈനീസ് സൈനികർ മടങ്ങി പോയി. കടന്നുകയറ്റത്തിന് പിന്നാലെ ഡിസംബർ 11ന് നടന്ന ഫ്ലാഗ് മീറ്റിങ്ങിൽ ഇരുവിഭാഗം പ്രാദേശിക കമാൻഡർമാർ നടത്തിയ കൂടിക്കാഴ്ചയിൽ സംഘർഷവും ചർച്ചയായി. അതിർത്തിയിൽ സമാധാനം നിലനിർത്താൻ ചൈനയോട് ആവശ്യപ്പെട്ടു.
ഇന്ത്യ-ചൈന അതിർത്തി തർക്കം സംബന്ധിച്ച് ഇരുരാജ്യങ്ങളും നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടരുന്നുണ്ട്. ഏത് വിധത്തിലുമുള്ള വെല്ലുവിളികളെ നേരിടാൻ സൈന്യം തയാറാണ്. അതിർത്തികൾ സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച നടപടികൾ നിർത്തിവെച്ച് ലോക്സഭ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി അടക്കമുള്ളവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, സഭാ നടപടികൾ നിർത്തിവെച്ച് ചർച്ചയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
ഇന്ത്യൻ ഭൂമി ഒരു കാരണവശാലും ചൈനക്ക് വിട്ടുനൽകില്ലെന്ന് ഗാൽവാൻ ഏറ്റുമുട്ടലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ഉദ്ധരിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് മല്ലികാർജുർ ഖാർഗെ പ്രതികരിച്ചു. ഗാൽവാൻ സംഘർഷത്തിൽ പ്രതികരിച്ച പ്രധാനമന്ത്രിക്ക് അരുണാചൽ സംഘർഷത്തെ കുറിച്ച് പ്രതികരിക്കാൻ കഴിയുന്നില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ഇന്ത്യ-ചൈന സംഘർഷത്തിൽ പാർലമെന്‍റിൽ വൻ പ്രതിഷഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഇന്ന് ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.