ന്യൂഡൽഹി: വാഹനാപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപയും ഗുരുതര പരിക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷവും നഷ്ടപരിഹാരം നിർദേശിക്കുന്ന മോട്ടോർ വാഹന (ഭേദഗതി) ബിൽ രാജ്യസഭയും പാസാക്കി. ബിൽ ജൂലൈ 23ന് ലോക്സഭ പാസാക്കിയിരുന്നു. ഗതാഗത നിയമലംഘനത്തിെൻറ കുറഞ്ഞ പിഴശിക്ഷ 100 രൂപയിൽ നിന്ന് 500 രൂപയാക്കി. പരമാവധി പിഴ 10,000 രൂപ. മദ്യപിച്ച് വാഹനമോടിച്ചാൽ ഇപ്പോഴുള്ള 2000 രൂപ പിഴക്കു പകരം ഇനി 10,000രൂപ ഒടുക്കണം.
ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് വാഹനമോടിച്ചാൽ 2000 രൂപയാണ് പിഴ. പിഴത്തുക ഓരോ വർഷവും 10 ശതമാനം വർധിപ്പിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. കാലാവധി പൂർത്തിയായ സാധാരണ ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു വർഷമാക്കി വർധിപ്പിക്കാനും ഭാരവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് അഞ്ചുവർഷത്തിലൊരിക്കൽ പുതുക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
അപകടത്തിൽപ്പെടുന്നവർക്ക് ചികിത്സ ഉൾപ്പെടെ അടിയന്തര സഹായം ലഭ്യമാക്കുന്നവർക്ക് സംരക്ഷണത്തിനും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഇവർക്കെതിരെ സിവിൽ ക്രിമിനൽ നടപടിക്രമങ്ങളുണ്ടാകില്ല. ലോകത്ത് ഏറ്റവുമധികം വാഹനാപകടങ്ങൾ ഇന്ത്യയിലാണെന്നും വർഷംപ്രതി ഏകദേശം ഒന്നര ലക്ഷം പേർ മരിക്കുന്നുണ്ടെന്നും ബൽ അവതരിപ്പിച്ച് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ 13ന് എതിരെ 108 വോട്ടുകൾക്ക് തള്ളിയാണ് ബിൽ പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.