ഫത്തേപുർ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കടുത്ത മുസ്‍ലിം വിരുദ്ധതയും വർഗീയ പ്രചാരണവും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിൽ വെള്ളിയാഴ്ച നടന്ന ബി.ജെ.പി റാലികളിലെ ഓരോ പരിപാടികളിലും വിദ്വേഷം നിറയുന്ന പ്രസ്താവനകൾ മോദി ആവർത്തിച്ചു. കോൺഗ്രസും സമാജ്‍വാദി പാർട്ടിയും അധികാരത്തിലെത്തിയാൽ തങ്ങൾക്ക് വേണ്ടി ‘വോട്ട് ജിഹാദ്’ നടത്തുന്നവർക്കായി ജനങ്ങളുടെ സ്വത്തിന്റെ ഒരു ഭാഗം സമ്മാനിക്കുമെന്ന് മോദി ഹമിർപൂരിൽ പറഞ്ഞു.
കോൺഗ്രസ് അധികാരമേറ്റാൽ അയോധ്യയിലെ രാമക്ഷേത്രം ബുൾഡോർ ഉപയോഗിച്ച് തകർക്കുമെന്നായിരുന്നു ബാരബങ്കിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം. വിഗ്രഹമായ രാംലല്ല ടെന്റിലേക്ക് മാറ്റുമെന്നും മോദി ആവർത്തിച്ചു. അനാഥശാലയോ ആശുപത്രിയോ അവിടെ പണിയണമെന്നായിരുന്നു കോൺഗ്രസിന്റെയും സമാജ്‍വാദി പാർട്ടിയുടെയും അഭിപ്രായം. ബുൾഡോസർ എങ്ങനെ ആവശ്യമുണ്ടെന്നും എങ്ങനെ ഉപയോഗിക്കരുതെന്നും യോഗി ആദിത്യനാഥ് പഠിപ്പിച്ചുതരും. സുപ്രീംകോടതി വിധി അട്ടിമറിച്ച ശേഷം ക്ഷേത്രം തകർക്കാനാണ് ശ്രമമമെന്ന് മോദി പറഞ്ഞു. ഹാട്രിക് ഉറപ്പാണെന്നും ഇൻഡ്യ സഖ്യം ശീട്ടുകൊട്ടാരം പോലെ തകർന്നെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
സമാജ്‍വാദി പാർട്ടിയെയും കോൺഗ്രസിനെയും കുറിച്ച് മുന്നറിയിപ്പ് നൽകാനാണ് താനെത്തിയതെന്നും ഇവർ ഭരണത്തിലെത്തിയാൽ സ്വത്തുക്കൾ ‘വോട്ട് ജിഹാദ്’ നടത്തുന്നവർക്ക് സമ്മാനിക്കുമെന്നും പറഞ്ഞാണ് മോദി ഹർമിപൂരിൽ പ്രസംഗം തുടങ്ങിയത്. ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരാനുദ്ദേശിക്കുന്ന കോൺഗ്രസ്, പാകിസ്താന്റെ കൈയിൽ അണുബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും അഭിപ്രായപ്പെട്ടു. പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചപ്പോൾ കോൺഗ്രസ് ക്ലീൻചിറ്റ് നൽകിയെന്നും കാവിഭീകരത എന്ന തെറ്റായ വിവരണം കോൺഗ്രസാണ് നെയ്തെടുത്തതെന്നും മോദിആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.