രാമേശ്വരം കഫേയിൽ നിന്നും പഴകിയ ഉഴുന്ന് കണ്ടെത്തി; പരസ്യമായി ക്ഷമചോദിച്ച് സഹസ്ഥാപകൻ

ഹൈദരാബാദ്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഫുഡ് ചെയിൻ നെറ്റ്‍വർക്കായ രാമേശ്വരം കഫേയിൽ നിന്നും പഴകിയ ഉഴുന്ന് കണ്ടെത്തിയ സംഭവത്തിൽ മാപ്പ് ചോദിച്ച് സഹസ്ഥാപകൻ. തെലങ്കാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് എക്സ്​പെയറി ഡേറ്റ് കഴിഞ്ഞ ഉഴുന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളായ രാ​ഘവേന്ദ്ര റാവു ക്ഷമചോദിച്ച് രംഗത്തെത്തുകയായിരുന്നു.

ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് ജനങ്ങൾക്ക് എപ്പോഴും നൽകാറുള്ളത്. ഭക്ഷ്യവസ്തുക്കൾ നിർമിക്കാൻ ഏറ്റവും നല്ല ഉൽപന്നങ്ങളും ഉപയോഗിക്കുന്നു. ഞങ്ങൾക്ക് ചെറിയൊരു തെറ്റുപറ്റി. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ മാതൃക പിന്തുടർന്ന് ഇതിന് ജനങ്ങളോട് ക്ഷമ ചോദിക്കുകയാണെന്ന് റാവു പറഞ്ഞു.

ആഗോളതലത്തിൽ വളരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇത്തരമൊരു ലക്ഷ്യം മുൻനിർത്തി മുന്നോട്ട് പോകുമ്പോൾ ഒരു തെറ്റ്പോലും വരുത്താൻ പാടില്ലെന്ന് അറിയാം. ഇത് ഞങ്ങൾക്കൊരു പാഠമാണ്. ഒരു സ്റ്റെപ്പിലും തെറ്റ് സംഭവിക്കരുതെന്ന് കൂടയുള്ള ജീവനക്കാരോട് താൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാമേശ്വരം കഫേയിൽ ഉപയോഗിക്കുന്ന ധാന്യങ്ങളും മസാലയും പച്ചക്കറിയുമെല്ലാം പ്രീമിയം നിലവാരത്തിലുള്ളതാണ്. ഏത് തരത്തിലുള്ള പച്ചക്കറിയാണ് തങ്ങൾ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പിനെ ക്ഷണിക്കുകയാണെന്നും റാവു പറഞ്ഞു. അതേസമയം, റാവുവിന്റെ മാപ്പ് പറച്ചിലിനെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. മാപ്പ് പറയുന്നതിന് പകരം ഭീഷണിപ്പെടുത്തുകയാണ് റാവു ചെയ്തതെന്നാണ് സമൂഹമാധ്യങ്ങളിലെ വിമർശനം.

ഹൈദരാബാദിലെ മാധാപൂരിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ 100 കിലോ ഉഴുന്ന്, 10 കിലോ തൈര്, എട്ട് ലിറ്റർ പാൽ എന്നിവ പിടിച്ചെടുത്തിരുന്നു. തുടർന്ന് ഈ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് രാമേശ്വരം കഫേ മാനേജ്മെന്റ് ഉത്തരവിട്ടിരുന്നു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Rameshwaram Cafe owner roasted for 'intimidating' apology over expired food items

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.