ന്യൂഡൽഹി: സാങ്കേതിക, ചികിത്സ വിഭാഗങ്ങളിൽ ഒഴികെ ഓഫിസർ-ഇതര നിയമനങ്ങൾ ഇനി അഗ്നീവീരരിൽനിന്ന് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കി അഗ്നിപഥ് പദ്ധതിയിലേക്ക് റിക്രൂട്ട്മെന്റിന് കരസേന വിജ്ഞാപനം ഇറക്കി. കരസേനയിൽ നിലവിലുള്ളതിൽനിന്ന് വ്യത്യസ്തമായ റാങ്കും യൂനിഫോമുമാണ് അഗ്നിവീരർക്ക് നൽകുകയെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ജനറൽ ഡ്യൂട്ടിക്ക് അപേക്ഷിക്കാൻ 45 മാർക്കോടെ 10ാം ക്ലാസ് പാസാകണം; ഓരോ വിഷയത്തിനും ചുരുങ്ങിയത് 33 ശതമാനം മാർക്ക് വേണം. ടെക്നിക്കൽ കേഡറിലേക്ക് അപേക്ഷിക്കാൻ ഊർജതന്ത്രം, രസതന്ത്രം, ഗണിതം, ഇംഗ്ലീഷ് എന്നിവക്ക് ഓരോന്നിലും 40 ശതമാനത്തിൽ കുറയാതെ ആകെ 50 ശതമാനം മാർക്ക് വേണം. ക്ലർക്ക്, ടെക്നിക്കൽ വിഭാഗം സ്റ്റോർ കീപ്പർ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ ഓരോ വിഷയത്തിലും 50 ശതമാനത്തിൽ കുറയാതെ 12ാം ക്ലാസ് പരീക്ഷ 60 ശതമാനം മാർക്കോടെ പാസാകണം. എട്ടു പാസായവർക്ക് ട്രേഡ്സ്മാനാകാം. സൈനികൻ, വിമുക്ത ഭടൻ, സൈനിക വിധവയുടെ മകൻ എന്നിവർക്ക് പൊതുപ്രവേശന പരീക്ഷയിൽ 20 ബോണസ് മാർക്ക് ലഭിക്കും. എൻ.സി.സി എ, ബി സർട്ടിഫിക്കറ്റുള്ളവർക്കും അധിക മാർക്ക് കിട്ടും.
17 വയസ്സ് മുതലുള്ളവർക്കാണ് അഗ്നിപഥ് പദ്ധതിയിൽ പ്രവേശനമെന്നിരിക്ക, നിയമനം ലഭിക്കുമ്പോൾ 18 വയസ്സാകാത്തവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ എൻറോൾമെന്റ് ഫോറത്തിൽ ഒപ്പിട്ടു കൊടുക്കണം. അഗ്നിപഥ് പദ്ധതിപ്രകാരം നാലുവർഷ സേവനത്തിന് നിയോഗിക്കപ്പെട്ടവരെ കരാർ കാലാവധി തീരുന്നതുവരെ അസാധാരണ സന്ദർഭത്തിലൊഴികെ സേനയിൽനിന്ന് വിട്ടുപോകാൻ അനുവദിക്കില്ല. തന്ത്രപ്രധാന വിവരങ്ങൾ സേനക്ക് പുറത്തേക്ക് കൈമാറുന്നത് ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമായിരിക്കും. സ്ഥിരനിയമനം നേടിയ സൈനികർക്ക് വർഷത്തിൽ 90 മെഡിക്കൽ ലീവ് അനുവദിച്ചിട്ടുണ്ടെങ്കിലും അഗ്നിവീരർക്ക് 30 ദിവസം മാത്രമായിരിക്കും. നാലു വർഷം കഴിയുമ്പോൾ 25 ശതമാനം അഗ്നിവീരർക്ക് സേനയിൽ തുടർനിയമനം നൽകും.
അഗ്നിപഥ് പദ്ധതിയിലേക്ക് അഖിലേന്ത്യ തലത്തിൽ ഓൺലൈനായാണ് അപേക്ഷാ നടപടികൾ. രജിസ്ട്രേഷൻ നടപടി അടുത്തമാസം തുടങ്ങും. അപേക്ഷിക്കാൻ റിക്രൂട്ട്മെന്റ് വെബ്സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി.
പ്രതിഷേധം തുടരുന്നു
ചണ്ഡിഗഢ്/ന്യൂഡൽഹി/റാഞ്ചി: അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും തിങ്കളാഴ്ചയും പ്രതിഷേധം അരങ്ങേറി. എന്നാൽ, സമരം പൊതുവേ സമാധാനപരമായിരുന്നു. സമൂഹമാധ്യമങ്ങളിലൂെട ഭാരത് ബന്ദിന് ആഹ്വാനം നൽകിയിരുന്നതിനാൽ ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ, ഭാരത് ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചില്ല. പ്രതിഷേധം കണക്കിലെടുത്ത് തിങ്കളാഴ്ച റെയിൽവേ 602 ട്രെയിനുകൾ റദ്ദാക്കി. പ്രതിഷേധം500ലേറെ ട്രെയിൻ സർവിസിനെ ബാധിച്ചു. നാല് എക്സ്പ്രസ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.
ഹരിയാനയിലെ പല ഭാഗങ്ങളിലും ഉദ്യോഗാർഥികൾ തിങ്കളാഴ്ച റോഡ് ഗതാഗതം തടസ്സപ്പെടുത്തി.അതേസമയം, രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നതിലും അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ ട്രെയിൻ തടഞ്ഞു. കൊണാട്ട്േപ്ലസിന് സമീപത്തെ ശിവജിബ്രിഡ്ജ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. 16 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര മണിക്കൂറിനുശേഷം ഇതുവഴി ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. ഭാരത് ബന്ദും കോൺഗ്രസ് പ്രതിഷേധവും കണക്കിലെടുത്ത് റോഡുകൾ അടച്ചതിനാൽ ഡൽഹിയിൽ തിങ്കളാഴ്ച ഗതാഗതക്കുരുക്ക് രൂക്ഷമായി. ഡൽഹി അതിർത്തിയിൽ മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. എന്നാൽ, ഭാരത് ബന്ദ് ഡൽഹിയെ ബാധിച്ചില്ല. നഗരത്തിലെ കടകൾ പതിവുപോലെ തുറന്നു. പ്രതിഷേധവും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാൻ ഡൽഹി അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കിയതും ഗതാഗതക്കുരുക്കിന് ഇടയാക്കി.
ഝാർഖണ്ഡിൽ അക്രമങ്ങൾ തടയാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 5000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച സ്കൂളുകൾ അടഞ്ഞുകിടന്നു. ഝാർഖണ്ഡിൽ അനിഷ്ട സംഭവങ്ങളുണ്ടായില്ലെന്ന് ഐ.ജി അമോൽ വി. ഹോംകർ അറിയിച്ചു. തലസ്ഥാനമായ റാഞ്ചിയിലും മറ്റു പ്രധാന നഗരങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ തുറന്നു. അഗ്നിപഥ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജമ്മു നഗരത്തിൽ കോൺഗ്രസും ആപ്പും ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിഷേധ പ്രകടനം നടത്തി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഗ്നിപഥിനെതിരെ ജൂൺ 24ന് സംയുക്ത കിസാൻ മോർച്ച ദേശീയ പ്രതിഷേധത്തിന് ആഹ്വാനംചെയ്തു.
ആദ്യത്തിൽ നല്ലതല്ലെന്ന് തോന്നും, പിന്നീട് രാജ്യത്തിന് ഗുണകരമാകും -മോദി
ബംഗളൂരു: പല തീരുമാനങ്ങളും ആദ്യത്തിൽ നല്ലതല്ലെന്ന് തോന്നുമെങ്കിലും രാജ്യത്തെ കെട്ടിപ്പടുക്കാനുള്ളതാണെന്ന് പിന്നീട് മനസ്സിലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിൽ 28,000 കോടി രൂപയുടെ റെയിൽ-റോഡ് അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. സേനയിലേക്ക് കരാർ നിയമനം നൽകുന്ന 'അഗ്നിപഥ് പദ്ധതി'ക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടായ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന. തീരുമാനങ്ങൾ ആദ്യം നല്ലതല്ലെന്ന് തോന്നാമെങ്കിലും പിന്നീട് രാജ്യത്തിന്റെ വികസനത്തിനുള്ളതാണെന്ന് മനസ്സിലാകുമെന്ന് അഗ്നിപഥ് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.
അഗ്നിപഥിലൂടെ ബി.ജെ.പി സ്വന്തം സൈന്യത്തെയുണ്ടാക്കുന്നു- മമത ബാനർജി
കൊൽക്കത്ത: അഗ്നിപഥ് സൈനിക കരാർ റിക്രൂട്ട്മെന്റിലൂടെ ബി.ജെ.പി സ്വന്തമായി സൈന്യത്തെയുണ്ടാക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. സൈന്യത്തിനുതന്നെ അപമാനമാണ് പദ്ധതി. പദ്ധതിയിലൂടെ ബി.ജെ.പി സൈന്യമുണ്ടാക്കുകയാണ്.
നാലുവർഷത്തിനുശേഷം പിരിഞ്ഞുപോകുന്നവർ എന്തു ചെയ്യും? യുവാക്കളുടെ കൈകളിൽ ആയുധങ്ങൾ നൽകാനാണ് ബി.ജെ.പിയുടെ ശ്രമം. ഒാരോ വർഷവും രണ്ടുകോടി തൊഴിലവസരം ഉറപ്പുനൽകിയ ബി.ജെ.പി 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും നിയമസഭയിൽ മമത ബാനർജി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.