ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണ ജൂൺ ആറുവരെ പൊലീസ് കസ്റ്റഡിയിൽ

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജനതാദൾ എസ് എം.പി പ്രജ്വൽ രേവണ്ണയെ ജൂൺ ആറുവരെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി) കസ്റ്റഡിയിൽ വിട്ടു. 34 ദിവസത്തെ ഒളിവു ജീവിതത്തിനുശേഷം വെള്ളിയാഴ്ച പുലർച്ചെ ബംഗളൂരു വിമാനത്താവളത്തിൽ എത്തിയ പ്രജ്വലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിൽ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രജ്വലിനെ ജസ്റ്റിസ് കെ.എൻ. ശിവകുമാറാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

എസ്.ഐ.ടി 14 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. കസ്റ്റഡിയിലുള്ള പ്രജ്വലിനെ രാവിലെ 9.30നും 10.30നും ഇടയിൽ കണ്ടു സംസാരിക്കാൻ അദ്ദേഹത്തിന്‍റെ അഭിഭാഷകന് കോടതി അനുമതി നൽകി. ലുഫ്താൻസ വിമാനത്തിൽ പുലർച്ചെ 12.48നാണ് പ്രജ്വൽ ബംഗളൂരുവിൽ എത്തിയത്. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽ നിന്ന് നേരിട്ട് കസ്റ്റഡിയിലെടുത്ത് വി.ഐ.പി ഗേറ്റിലൂടെ പുറത്തെത്തിച്ചു. തുടർന്ന് ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

ഹാസൻ ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയായ പ്രജ്വൽ 26ന് പോളിങ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്ക് കടക്കുകയായിരുന്നു. വെള്ളിയാഴ്ച ബംഗളൂരുവിലെത്തി അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങുമെന്ന് വിഡിയോ സന്ദേശത്തിൽ നേരത്തെ തന്നെ അദ്ദേഹം അറിയിച്ചിരുന്നു. കർണാടക സംസ്ഥാന വനിത കമീഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രി സിദ്ധാരാമയ്യ കഴിഞ്ഞ മാസം 28ന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചത്.

പ്രജ്വലിനെ അറസ്റ്റ് ചെയ്തത് വനിത ഉദ്യോഗസ്ഥർ

ബംഗളൂരു: സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയെ (33) ബംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത് വനിത പൊലീസ് ഉദ്യോഗസ്ഥർ. ഐ.പി.എസ് ഓഫിസർമാരായ സുമൻ ഡി. പെന്നേക്കർ, സീമ ലട്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് വനിതാ പൊലീസ് മാത്രമുള്ള ജീപ്പിൽ സി.ഐ.ഡി ഓഫിസിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനക്ക് കൊണ്ടുപോയതും വനിത ഉദ്യോഗസ്ഥരാണ്.

സ്ത്രീകളുടെ അധികാരം സംബന്ധിച്ച സന്ദേശം നൽകാനാണ് രേവണ്ണയെ അറസ്റ്റ് ചെയ്യാൻ വനിതകളെ നിയോഗിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. അധികാരവും പദവിയും ദുരുപയോഗം ചെയ്ത് സ്ത്രീകളെ ചൂഷണം ചെയ്തയാളെ അറസ്റ്റുചെയ്യാനും നിയമനടപടികൾക്ക് വിധേയനാക്കാനും വനിതകൾക്ക് അധികാരമുണ്ടെന്ന സന്ദേശം നൽകുകയായിരുന്നു ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.

പ്രജ്വലിന്റെ മാതാവിനെ നാളെ ചോദ്യംചെയ്യും

ബംഗളൂരു: പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായ വനിതയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ മാതാവ് ഭവാനി രേവണ്ണക്ക് അന്വേഷണസംഘം നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വരെ ഹാസൻ ജില്ലയിലെ ഹോളനരസിപൂരിലെ വീട്ടിലുണ്ടാകണമെന്നാണ് അറിയിപ്പ്.

അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസാണ് ഇവർക്കെതിരെയുള്ളത്. അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്വലിന്‍റെ പിതാവ് എച്ച്‌.ഡി. രേവണ്ണക്കും ഭവാനി രേവണ്ണക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. തന്നെ തട്ടിക്കൊണ്ടുപോകാന്‍ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തിയെന്നാണ് അതിജീവിത മൊഴി നല്‍കിയത്.

Tags:    
News Summary - Rape-Accused Karnataka MP Prajwal Revanna Sent To Police Custody Till June 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.