ബംഗളൂരു: ഹൈസ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ചിത്രദുർഗ മുരുക മഠാധിപതി ശിവമൂർത്തി മുരുക ശരണരുവയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.
ജില്ല ബാല വികസന-സംരക്ഷണ യൂനിറ്റ് ഓഫിസർ ചന്ദ്രകുമാറിന്റെ പരാതിയിൽ മൈസൂരു നസർബാദ് പൊലീസ് മഠാധിപതിയടക്കം അഞ്ചുപേർക്കെതിരെ പോക്സോ കേസെടുത്തിരുന്നു. രണ്ടുവർഷമായി മഠാധിപതി തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവർ അതിന് ഒത്താശചെയ്തെന്നുമുള്ള രണ്ടു പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം കേസെടുത്തത്.
മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഒടനടി സേവാ സമസ്തെ' സന്നദ്ധ സംഘടനയെ പെൺകുട്ടികൾ സമീപിച്ച് പീഡനവിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഘടന പ്രവർത്തകർ ജില്ല ബാല സംരക്ഷണ യൂനിറ്റിനെ വിവരമറിയിക്കുകയായിരുന്നു. മഠാധിപതിക്കെതിരായ പീഡനക്കേസിൽ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ പ്രതികരിച്ചിരുന്നു.
അന്വേഷണം പുരോഗതിയിലായതിനാൽ കേസ് സംബന്ധിച്ച് മറ്റു കമന്റുകളൊന്നും പറയാൻ മുഖ്യമന്ത്രി സന്നദ്ധനായില്ല. പിന്നാലെയാണ് മഠാധിപതിയെ പൊലീസ് കസറ്റഡിയിലെടുത്തത്. ചിത്രദുർഗ മുരുക മഠാധിപതിക്കെതിരായ പോക്സോ കേസിൽ അദ്ഭുതമില്ലെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.