ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ കർണാടകയിലെ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. പ്രജ്വൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ ഹാസനിൽ എത്തിച്ച് ഞായറാഴ്ചയോ തിങ്കളാഴ്ചയോ തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ജർമനിയിൽനിന്ന് തിരിച്ചെത്തിയ പ്രജ്വലിനെ വെള്ളിയാഴ്ച പുലർച്ചെ ബംഗളൂരു വിമാനത്താവളത്തിൽനിന്നാണ് എസ്.ഐ.ടി അറസ്റ്റു ചെയ്തത്.
കസ്റ്റഡിയിൽ തുടരുന്ന പ്രജ്വലിനെ തുടർച്ചയായി രണ്ട് ദിവസം ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. എന്നാൽ എസ്.ഐ.ടിയുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് പ്രജ്വൽ ചെയ്തത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായി കള്ളക്കേസിൽ കുടുക്കിയതാണെന്നും പ്രജ്വൽ ആവർത്തിച്ചു. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ പ്രജ്വലിനെ തിങ്കളാഴ്ച തന്നെ ഹാസനിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘം തയാറെടുക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതിനു പിന്നാലെ പ്രജ്വലിന്റെ മാതാവ് ഭവാനി രേവണ്ണ ഒളിവിൽ പോയതായതായാണ് വിവരം. കേസിന്റെ തുടക്കത്തിൽ അന്വേഷണ സംഘവുമായി സഹകരിക്കാൻ തയാറാണെന്ന് ഭവാനി അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ വീട്ടിൽനിന്ന് മാറുകയായിരുന്നു. സഹകരിക്കാൻ തയാറായില്ലെങ്കിൽ എസ്.ഐ.ടി അറസ്റ്റു ചെയ്തേക്കുമെന്ന് സൂചനയുണ്ട്. മുൻകൂർ ജാമ്യത്തിനായി ഭവാനി തിങ്കളാഴ്ച ഹൈകോടതിയെ സമീപിച്ചേക്കും.
ഹാസൻ മണ്ഡലത്തിലെ വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് എൻ.ഡി.എ സ്ഥാനാർഥി കൂടിയായ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട മൂവായിരത്തോളം അശ്ലീല വിഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ പ്രചരിച്ചത്. ഏപ്രിൽ 26നാണ് ഹാസനിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇതിനിടെ രണ്ടു സ്ത്രീകൾ പ്രജ്വലിനെതിരെ പരാതി നൽകുകയും ചെയ്തു. പിന്നാലെ സംസ്ഥാന വനിതാ കമീഷന്റെ നിർദേശ പ്രകാരം സർക്കാർ പ്രജ്വലിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും, പ്രജ്വൽ ജർമനിയിലേക്ക് കടക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രജ്വലിന്റെ പിതാവും മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.