ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് ജൂൺ 24 വരെ പ്രജ്വൽ കസ്റ്റഡിയിൽ തുടരണമെന്ന് കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച രാവിലെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ജെ.ഡി.എസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പ്രജ്വലിനെ മേയ് 31ന് ബംഗളൂരു വിമാനത്താവളത്തിൽവച്ചാണ് അറസ്റ്റു ചെയ്തത്.
ഏപ്രിലിൽ, ഹാസനിലെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പ്രജ്വൽ ഉൾപ്പെട്ട മൂവായിരത്തോളം അശ്ലീല വിഡിയോകൾ പ്രചരിച്ചത്. പിന്നാലെ ജർമനിയിലേക്ക് കടന്ന പ്രജ്വൽ കടുത്ത സമ്മർദത്തെ തുടർന്ന് മേയ് ഒടുവിൽ തിരിച്ചെത്തുകയായിരുന്നു. വനിതാ ഐ.പി.എസ് ഓഫിസർമാർ ഉൾപ്പെട്ട സംഘമാണ് പ്രജ്വലിനെ അറസ്റ്റു ചെയ്തത്.
പ്രജ്വലിനെ ഹാസനിലെ ഹൊളെ നരസിപൂരിലെ വീട്ടിലുൾപ്പെടെ എത്തിച്ചാണ് എസ്.ഐ.ടി തെളിവെടുപ്പ് നടത്തിയത്. ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനായ പ്രജ്വൽ രേവണ്ണ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പ്രജ്വലിന്റെ മാതാപിതാക്കളായ ഹൊളെ നരസിപുർ എം.എൽ.എ എച്ച്.ഡി. രേവണ്ണയും ഭവാനി രേവണ്ണയും പീഡനത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.