ന്യൂഡൽഹി: ഇന്ത്യക്കുമേൽ സ്വതന്ത്ര വ്യാപാരത്തിെൻറ പുതിയ കെണി മുറുകുന്നു. മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്തം (ആർ.സി.ഇ.പി) എന്ന പേരിൽ 16 രാജ്യങ്ങൾ പുതിയ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള കടുത്ത ആശങ്കകളും എതിർപ്പുകളും മാറ്റിവെച്ച് കേന്ദ്ര സർക്കാർ മുന്നോട്ട്; ഇന്ത്യക്ക് പ്രത്യേക ഇളവുകൾ നൽകാതെ കരാറിെൻറ ചട്ടക്കൂട് രൂപപ്പെടുത്താൻ ചൈനയുടെ സമ്മർദം.
തകർന്നുനിൽക്കുന്ന ഇന്ത്യയുടെ കാർഷിക, നിർമാണ മേഖലയെ കൂടുതൽ നാേശാന്മുഖമാക്കുന്ന കരാറിനെതിരെ സംഘ്പരിവാർ സംഘടനകൾ വരെ പരസ്യമായ എതിർപ്പു പ്രകടിപ്പിക്കുേമ്പാഴാണ് മോദിസർക്കാർ മാറ്റമില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുന്നത്. തായ്ലൻഡിെൻറ തലസ്ഥാനമായ ബാങ്കോക്കിൽ വെള്ളിയാഴ്ച തുടങ്ങിയ കരാർ ചർച്ചകളിൽ പങ്കെടുക്കുന്ന വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, ചില ഇളവുകൾക്കുവേണ്ടി മാത്രമാണ് വാദിക്കുന്നത്. പുതിയ വ്യാപാര കരാർ പ്രകാരം ചൈനയടക്കമുള്ള രാജ്യങ്ങളിൽനിന്ന് പരിധിവിട്ട ഇറക്കുമതിയിലൂടെ ആഭ്യന്തര ഉൽപന്നങ്ങൾക്ക് വില ഇടിയുന്ന സാഹചര്യം മുൻകൂട്ടി കാണുന്ന കേന്ദ്ര സർക്കാർ, ഇതിനെതിരായ പ്രത്യേക വ്യവസ്ഥ കരാറിെൻറ ഭാഗമാക്കണമെന്ന താൽപര്യം മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, ഇത്തരം ഇളവുകൾക്ക് ഇട നൽകാതെ കരാർ യാഥാർഥ്യമാക്കി ചൈനക്ക് നേട്ടമുണ്ടാക്കുക എന്ന ദൗത്യവുമായാണ് പ്രസിഡൻറ് ഷി ജിൻപിങ് ശനിയാഴ്ച മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്നത്.
ആസിയാൻ അടക്കം സ്വതന്ത്ര വ്യാപാര കരാറുകളെല്ലാം വിവിധ മേഖലകൾക്ക് തിരിച്ചടിയാണ് നൽകിയത്. കയറ്റുമതി കൂട്ടാൻ ലക്ഷ്യമിട്ട് ഒപ്പുവെച്ച കരാറുകൾ വഴി ഇറക്കുമതി വർധിക്കുകയാണ് ചെയ്തത്.
ചർച്ചകൾ പൂർത്തിയാക്കി രണ്ടു മാസത്തിനകം ഒപ്പുവെക്കാൻ ഒരുക്കം നടക്കുന്ന പുതിയ കരാർ വലിയ വിനയായി മാറുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൈനീസ് ഉൽപന്നങ്ങളുടെയും കാർഷിക, ക്ഷീരോൽപന്നങ്ങളുടെയും ഇറക്കുമതി വർധിച്ച് ആഭ്യന്തരമായി വലിയ വിലത്തകർച്ച ഉണ്ടാക്കും.
ചൈനയുമായുള്ള വ്യാപാരക്കമ്മി ഓരോ വർഷവും വർധിക്കുേമ്പാൾതന്നെയാണ്, പുതിയ കരാർ. അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങൾ തകർത്ത ചൈന പുതിയ വിപണികൾക്കായി ആർ.സി.ഇ.പി വേഗത്തിൽ നടപ്പാക്കാൻ സമ്മർദം മുറുക്കുകയാണ്. ഈ കരാറിൽ ഉൾപ്പെട്ട മറ്റു 15 രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി പ്രതിവർഷം 10,500 കോടി ഡോളറിേൻറതാണ്. ഇതിൽ പകുതിയും ചൈനയിൽനിന്നാണ്. 2013-14ൽ ഇത് 6300 കോടി ഡോളർ മാത്രമായിരുന്നു. ഇന്ത്യയുടെ കയറ്റുമതിയിൽ കാര്യമായ പുരോഗതിയില്ല.പുതിയ കരാർ വഴി ഇന്ത്യക്ക് 85-90 ശതമാനം ഇറക്കുമതിച്ചുങ്കവും എടുത്തുകളയേണ്ടി വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിർമാണ, കാർഷിക, ക്ഷീര മേഖലകൾക്ക് ഉയർന്ന ഇറക്കുമതിച്ചുങ്കം വഴി ഇപ്പോൾ കിട്ടുന്ന പരിരക്ഷ ഇല്ലാതാവുകയും മറ്റു രാജ്യങ്ങൾ ഇന്ത്യയെ വലിയ കേമ്പാളമാക്കുകയും ചെയ്യും. കേരളത്തിെൻറ നാളികേരം, കുരുമുളക്, റബർ, ഏലം തുടങ്ങിയ കാർഷിക വിളകൾക്കും ക്ഷീര മേഖലക്കും വലിയ തിരിച്ചടിയാകും.
ആർ.സി.ഇ.പിയിൽ 16 രാജ്യങ്ങൾ
10 ആസിയാൻ രാജ്യങ്ങളും ചൈനയടക്കം ആറു രാജ്യങ്ങളുമാണ് പുതിയ സ്വതന്ത്ര വ്യാപാര കരാറിെൻറ പങ്കാളികൾ. ഇന്ത്യയുടെ കയറ്റുമതിയിൽ 20 ശതമാനം മാത്രമാണ് ഈ രാജ്യങ്ങളിലേക്ക്. എന്നാൽ, ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 35 ശതമാനവും ഈ രാജ്യങ്ങളിൽനിന്നാണ്.
ആസിയാൻ രാജ്യങ്ങൾ: ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം.
മറ്റു പങ്കാളിത്ത രാജ്യങ്ങൾ: ആസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലൻഡ്.
ആഘാതം ഈ ഇനങ്ങൾക്ക്
ക്ഷീരോൽപന്നങ്ങൾ, റബർ, നാളികേരം,
കുരുമുളക്, ഏലം
തുണിത്തരങ്ങൾ
ഇലക്ട്രിക്കൽ സാമഗ്രികൾ, വീട്ടുപകരണങ്ങൾ,
പ്ലാസ്റ്റിക്, ഇരുമ്പ്, ഉരുക്ക്,
അലൂമിനിയം ഉൽപന്നങ്ങൾ
ഫർണിച്ചർ, സെറാമിക് ഇനങ്ങൾ, കൃത്രിമ നാരുകൾ
കേന്ദ്രത്തിനെതിരെ പ്രതിഷേധം
ന്യൂഡൽഹി: ചെറുകിട, ഇടത്തരം കർഷകരുടെയും അധ്വാന വർഗത്തിെൻറയും താൽപര്യങ്ങൾ അവഗണിച്ച് മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി) കരാറുമായി മോദി സർക്കാർ മുന്നോട്ടുപോകുന്നതിൽ അഖിലേന്ത്യ കിസാൻ സഭ പ്രതിഷേധിച്ചു. ആർ.സി.ഇ.പി ഒപ്പുവെക്കുന്നത് ചർച്ച ചെയ്യാൻ നേതൃ ഉച്ചകോടി നടക്കുന്ന നവംബർ നാലിന് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് കിസാൻ സഭ അറിയിച്ചു.
പാലും പാലുൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നിലവിലുള്ള 64 ശതമാനം നികുതി പിൻവലിച്ചാൽ വിലത്തകർച്ച ക്ഷീരകർഷകരുടെ ജീവനോപാധി തകർക്കും. പാൽപൊടിക്ക് 260 രൂപയുണ്ടെങ്കിൽ ന്യൂസിലൻഡിൽനിന്ന് 160 രൂപക്ക് അത് എത്തുന്ന സ്ഥിതി വരും. പച്ചക്കറി, മത്സ്യം, ധാന്യങ്ങൾ തുടങ്ങിയവയൊക്കെ പുതിയ പങ്കാളിത്ത കരാറിെൻറ പരിധിയിൽ വരുന്നതാണ്. വാഹനങ്ങൾ, ഇരുമ്പ്, ഉരുക്ക്, അലൂമിനിയം, തുണിത്തരങ്ങൾ എന്നീ വ്യവസായ മേഖലകൾ കടുത്ത ആശങ്കയിലാണെന്നും കിസാൻ സഭ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.