ബംഗളൂരു: കർണാടക ബി.ജെ.പിയിലും കലഹം മൂർച്ഛിക്കുന്നു. ഒറ്റക്കക്ഷിയായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായിട്ടും സർക്കാറിനും പാർട്ടിക്കുമിടയിലെ അന്തരം വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി.എസ്. യെദിയൂരപ്പയെ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമതനീക്കം. മുഖ്യമന്ത്രിക്കെതിരെ ടൂറിസം മന്ത്രി സി.പി. യോഗേശ്വർ അടക്കമുള്ള ചില നേതാക്കൾ പരസ്യമായി രംഗത്തുവരുകയും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ കണ്ട് പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു.
കർണാടകയിൽ ബി.ജെ.പി സർക്കാറിനു പകരം 'ത്രികക്ഷി ഭരണ'മാണ് നടക്കുന്നതെന്നും കോൺഗ്രസിനെയും ജെ.ഡി-എസിനെയും പ്രീതിപ്പെടുത്തിയാണ് യെദിയൂരപ്പ ഭരണം മുന്നോട്ടുകൊണ്ടുപോവുന്നതെന്നുമാണ് യോഗേശ്വറിെൻറ ആരോപണം. ഭരണകാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറുമായ ബി.വൈ. വിജയേന്ദ്ര അമിതമായി ഇടപെടുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
വിജയേന്ദ്രയുടെ പിൻസീറ്റ് ഡ്രൈവിങ്ങിനെ മുതിർന്ന എം.എൽ.എ ബസനഗൗഡ പാട്ടീൽ അടക്കമുള്ള നേതാക്കളും വിമർശിച്ചിരുന്നു. യെദിയൂരപ്പ മാന്യമായ രീതിയിൽ രാഷ്ട്രീയം വിടുകയാണ് വേണ്ടതെന്നും ഭരണത്തിൽ തുടരുന്ന പക്ഷം അപമാനം നേരിടേണ്ടിവരുമെന്നും ബസനഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞു. അതേസമയം, യോഗേശ്വറിനെതിരെ യെദിയൂരപ്പയുടെ അനുയായികളായ 65 എം.എൽ.എമാർ ഒപ്പിട്ട കത്ത് പാർട്ടി നേതൃത്വത്തിന് ൈകമാറി മറുനീക്കവും സജീവമാക്കിയിട്ടുണ്ട്.
യെദിയൂരപ്പക്കെതിരായ നീക്കം ചെറുക്കാൻ കഴിഞ്ഞദിവസം ദേശീയ അധ്യക്ഷനുമായി ബി.വൈ. വിജയേന്ദ്ര കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് മാറ്റമുണ്ടാവില്ലെന്ന വിശദീകരണവുമായി പിന്നാലെ സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ രംഗത്തെത്തി. എന്നാൽ, ദിവസങ്ങളായി ഇക്കാര്യത്തിൽ മൗനം പാലിച്ച യെദിയൂരപ്പ, 'കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയാൻ സന്നദ്ധനാണ്' എന്നാണ് ഞായറാഴ്ച പ്രതികരിച്ചത്. കേന്ദ്ര നേതൃത്വത്തിന് തന്നിൽ വിശ്വാസമുള്ളിടത്തോളംകാലം താൻ മുഖ്യമന്ത്രിയായി തുടരുമെന്നും അവരാവശ്യപ്പെടുന്ന ദിവസം പടിയിറങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.