ന്യൂഡൽഹി: മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ അധികാരം ദുരുപയോഗിക്കുന്നവരാണ് യഥാർഥ ദേശദ്രോഹികളെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ഭരണം കൈയാളുന്നവർ ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗിക്കുകയും അവമതിക്കുകയുമാണ്. ആസൂത്രിതമായി ഇത്തരത്തിൽ പരിക്കേൽപിക്കുന്നതിൽനിന്ന് ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾ ഉണർന്നു പ്രവർത്തിക്കണം. ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 132ാം ജന്മവാർഷിക ലേഖനത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്.
ജനങ്ങൾ ഭരണം ഏൽപിച്ചുകൊടുത്തവരുടെ ചെയ്തികളെ ആശ്രയിച്ചാണ് ഭരണഘടനയുടെ വിജയമെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, സ്വാതന്ത്ര്യം, തുല്യത, സൗഹാർദം, നീതി എന്നീ അടിസ്ഥാന പ്രമാണങ്ങൾതന്നെ അധികാരത്തിലിരിക്കുന്നവർ ദുർബലപ്പെടുത്തുകയാണ് -സോണിയ പറഞ്ഞു. നിയമം ദുരുപയോഗിച്ച് ജനസ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തുന്നു. ജനങ്ങളുടെ അവകാശവും തുല്യതയും സംരക്ഷിക്കുന്നതിന് ഉപയോഗിക്കേണ്ടതാണ് നിയമങ്ങൾ. ബഹുഭൂരിപക്ഷം ജനങ്ങൾ സാമ്പത്തികമായി ദുരിതം അനുഭവിക്കുമ്പോൾ, തെരഞ്ഞെടുത്ത ചില സുഹൃത്തുക്കൾക്ക് സർക്കാറിലുള്ളവർ പ്രത്യേക പരിഗണന നൽകുന്നതാണ് എവിടെയും കാണാനാവുന്നത്. വിദ്വേഷാന്തരീക്ഷം ബോധപൂർവം ഉണ്ടാക്കിയതുവഴി സൗഹാർദം പോയി. തുടർച്ചയായ പ്രചാരവേലകളിലൂടെ നീതിപീഠത്തിൽ ചെലുത്തുന്ന സമ്മർദം അനീതിക്ക് ആക്കം കൂട്ടി. ഇത്തരമൊരു നിർണായക ഘട്ടത്തിൽ നാനാതുറകളിലുള്ള ജനങ്ങൾ മുന്നോട്ടു വരണം. ഗൗരവപൂർവം ചർച്ച നടത്തുകയും വിയോജിക്കുകയും ചെയ്യുമ്പോൾതന്നെ രാജ്യതാൽപര്യത്തിനായി ഒന്നിച്ചു പ്രവർത്തിക്കണമെന്നാണ് അംബേദ്കർ നൽകിയ സന്ദേശം.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, അംബേദ്കർ, സർദാർ പട്ടേൽ തുടങ്ങിയവർ പല കാര്യങ്ങളിലും വിയോജിച്ചിരുന്നതായി കാണാം. എന്നാൽ, അത്തരം വിയോജിപ്പുകൾ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. ആത്യന്തികമായി അവർ രാജ്യത്തിനുവേണ്ടി പൊരുതി. പൊതുലക്ഷ്യത്തിലേക്കുള്ള സഹയാത്രികരായിരുന്നു അവർ ഓരോരുത്തരും.
സൗഹാർദം ഊട്ടിയുറപ്പിച്ച് മുന്നോട്ടുപോകണമെന്നാണ് അംബേദ്കർ പഠിപ്പിച്ചതെന്നും സോണിയ കൂട്ടിച്ചേർത്തു. സാമൂഹിക-സാമ്പത്തിക അനീതികൾക്കെതിരെ പോരാടണമെന്നും അംബേദ്കർ പഠിപ്പിച്ചു. ജാതി സമ്പ്രദായം ദേശവിരുദ്ധമെന്നാണ് അംബേദ്കർ കണ്ടത്. അതാണ് വേർതിരിവുകൾക്കും പരസ്പരം പൊരുത്തപ്പെടാത്ത സാഹചര്യങ്ങൾക്കുമെല്ലാം കാരണം. കുത്തിത്തിരിപ്പുകൾക്കപ്പുറം, സൗഹാർദത്തിൽ അടിയുറച്ചതാണ് രാജ്യത്തിന്റെ ചിന്താധാര -സോണിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.