മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാറിനെ പ്രതിസന്ധിയിലാക്കിയ നീക്കത്തിനൊടുവിൽ വിമത എം.എൽ.എ പ്രതിപക്ഷമായ മഹാരാഷ്ട്ര നവ നിർമാ സേന നേതാവ് രാജ് താക്കറെയുമായി ചർച്ച നടത്തി. വിമത എം.എൽ.എ ഏക്നാഥ് ഷിൻഡെയാണ് രാജ് താക്കറെയുമായി രണ്ട് തവണ ഫോണിൽ സംസാരിച്ചത്.
മഹാരാഷ്ട്രയിലെ സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഷിൻഡെ താക്കറെയോട് സംസാരിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തതായി എം.എൻ.എസ് നേതാവ് സ്ഥിരീകരിച്ചു.
വിമതർക്കെതിരെ ശിവസൈനികർ തെരുവിലിറങ്ങുകയും സഞ്ജയ് റാവുത്ത്, ആദിത്യ താക്കറെ തുടങ്ങിയ നേതാക്കൾ പ്രകോപന പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച 16 വിമത എം.എൽ.എമാർക്ക് കേന്ദ്രം വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിൽ ഏക്നാഥ് ഷിൻഡെയില്ല.
അതേസമയം, അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശയപ്പെട്ട് 16 വിമത ശിവസേന എം.എൽ.എ മാർക്ക് ഡെപ്യൂട്ടി സ്പീക്കർ അയച്ച നോട്ടീസിനെതിരെ വിമത എം.എൽ.എമാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഹരജി രാവിലെ തന്നെ പരിഗണിക്കും.
അതിനിടെ, മറ്റൊരു മന്ത്രികൂടി വിമതപക്ഷത്ത് ചേർന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ആണ് കൂറുമാറിയത്. ഇതോടെ 12 ശിവസേന മന്ത്രിമാരിൽ വിമതപക്ഷത്തേക്ക് മാറിയവരുടെ എണ്ണം എട്ടായി. മകൻ ആദിത്യ താക്കറെ അടക്കം നാല് മന്ത്രിമാരാണ് ഉദ്ധവ് താക്കറെ പക്ഷത്ത് ശേഷിക്കുന്നത്. ഇതിൽ രണ്ട് പേർ നിയമസഭ കൗൺസിലിലൂടെ മന്ത്രിയായവരാണ്.
വിമത നേതാവ് ഏക്നാഥ് ഷിൻഡെക്കൊപ്പം ഗുവാഹതി ഹോട്ടലിൽ കഴിയുന്ന എം.എൽ.എമാരുമായി അസം മന്ത്രിമാരായ അശോക് സിംഗാളും പിജുഷ് ഹസാരികയും ഞായറാഴ്ച ചർച്ച നടത്തിയിരുന്നു. പിന്നാലെ നടന്ന വിമതരുടെ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഓൺലൈൻ വഴി പങ്കെടുത്തതായി മറാത്തി ചാനൽ റിപ്പോർട്ട് ചെയ്തു.
സർക്കാർ രൂപവത്കരണവും വിമതരുടെയും കുടുംബത്തിന്റെയും സുരക്ഷയും ചർച്ചയായതായാണ് റിപ്പോർട്ട്. വൈകീട്ട് നാലിന് മുംബൈയിൽ ബി.ജെ.പി കോർ കമ്മിറ്റി യോഗവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.