ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യു.ജി) ഓൺലൈൻ ആയി നടത്തണമെന്ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ വിദഗ്ധ സമിതി ശിപാർശ.
ഓൺലൈൻ സംവിധാനം സാധ്യമല്ലാതെവന്നാൽ ചോദ്യങ്ങൾ ഡിജിറ്റലായി നൽകുകയും പരീക്ഷാർഥികൾ ഒ.എം.ആർ ഷീറ്റിൽ ഉത്തരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ഹൈബ്രിഡ് മോഡൽ നടപ്പാക്കണമെന്നും കേന്ദ്ര സർക്കാറിന് സമർപ്പിച്ച ശിപാർശയിൽ പറയുന്നു.
നിലവിൽ, നീറ്റ്-യു.ജി എത്ര തവണ വേണമെങ്കിലും എഴുതാം. ഇത് മാറ്റി പരീക്ഷാർഥിക്ക് അപേക്ഷിക്കാനുള്ള അവസരങ്ങൾ പരിമിതപ്പെടുത്തണം. എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മാതൃകയിൽ നീറ്റ് യു.ജി വർഷത്തിൽ രണ്ടുതവണ നടത്താനുള്ള ശിപാർശയും സമിതി മുന്നോട്ടുവെച്ചു. നീറ്റ് യു.ജി, യു.ജി.സി നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ദേശീയ പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിദഗ്ധരുടെ ഉന്നതതലസമിതി രൂപവത്കരിച്ചത്.
പരീക്ഷ നടത്തിപ്പ് ചുമലതയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) കൂടുതൽ സ്ഥിരം ജീവനക്കാരെ നിയമിക്കണം. എൻ.ടി.എ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിനുപകരം കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതുൾപ്പെടെ സ്വന്തം സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. എൻ.ടി.എ നടത്തുന്ന കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷ സി.യു.ഇ.ടിയിൽ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് യുക്തിസഹമാക്കണം. ഒരേ വിഷയത്തില്‍ ഒന്നിലധികം പരീക്ഷകള്‍ എഴുതുന്നത് ഒഴിവാക്കണമെന്നും സമിതി നിർദേശിച്ചു.
എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, ഹൈദരാബാദ് സർവകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. ബി.ജെ. റാവു, ഐ.ഐ.ടി മദ്രാസിലെ അധ്യാപകനായിരുന്ന കെ. രാമമൂര്‍ത്തി, പീപ്ള്‍ സ്ട്രോങ് സഹസ്ഥാപകനും കര്‍മയോഗി ഭാരത് ബോര്‍ഡ് അംഗവുമായ പങ്കജ് ബന്‍സാല്‍, ഡല്‍ഹി ഐ.ഐ.ടി ഡീന്‍ ആദിത്യ മിത്തല്‍ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.