ന്യൂഡൽഹി: 2010ൽ വനിത സംവരണത്തിനുള്ളിൽ ഉപസംവരണം അനുവദിക്കാതെ ഒ.ബി.സിക്കാരോട് തെറ്റുചെയ്തതിൽ പശ്ചാത്തപിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2010ലെ ഒ.ബി.സി സംവരണ നിലപാട് കോൺഗ്രസ് മാറ്റിയോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു രാഹുൽ ഗാന്ധി.
ഒ.ബി.സി ഉപസംവരണ ആവശ്യം അംഗീകരിക്കാത്തതിനാൽ യു.പി.എക്കുള്ളിൽനിന്നുയർന്ന എതിർപ്പിനെ തുടർന്ന് വനിത ബിൽ ലോക്സഭയിൽ പാസാക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. ഒ.ബി.സിക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നതിന് ജാതി സെൻസസ് അനിവാര്യമാണെന്നും അതിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള സർക്കാറിന്റെ നീക്കത്തെ കോൺഗ്രസ് ചെറുക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
യു.പി.എ കാലത്തും ഇപ്പോഴും ഒ.ബി.സി വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിതാപകരമാണെന്ന് രാഹുൽ തുറന്നു സമ്മതിച്ചു. ഒ.ബി.സി വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകാത്തത് മൂലം വലിയൊരു വിഭാഗത്തിനാണ് അധികാര പങ്കാളിത്തം നിഷേധിക്കപ്പെടുന്നത്. പ്രാതിനിധ്യത്തിന് ഘട്ടം ഘട്ടമായ നടപടി വേണം. പ്രാരംഭ നടപടിയാണ് ജാതി സെൻസസ്. അതിൽ നിന്ന് ജാതി തിരിച്ചുള്ള പ്രാതിനിധ്യ കണക്ക് ലഭിച്ച ശേഷം പരിഹാര നടപടികളിലേക്ക് കടക്കണം.
നമ്മുടെ ഘടനയിൽ എവിടെയാണ് എല്ല് പൊട്ടിയത് എന്നറിയാനുള്ള എക്സ്റേ ആണ് ജാതി സെൻസസ് .എന്നാൽ ജാതി സെൻസസിന് മോദി സർക്കാർ തയാറാകുന്നില്ല. ജാതി സെൻസസ് നടത്തുന്നില്ലെങ്കിൽ 2011ൽ യു.പി.എ സർക്കാർ സെൻസസിൽ ശേഖരിച്ച ജാതി തിരിച്ച കണക്ക് പുറത്തുവിടണം.
ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് നടപ്പാക്കാൻ കഴിയാത്ത വനിതാ സംവരണ ബില്ലുമായി മോദി സർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം നടത്തിയതെന്ന് രാഹുൽ കുറ്റപ്പെടുത്തി. വനിതാ സംവരണം ഇന്ന് നടപ്പാക്കാമായിരുന്നു. അത് ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ജനസംഖ്യയുടെ 50 ശതമാനത്തിലേറെ വരുന്ന ഒ.ബി.സിയെ മാറ്റി നിർത്തി രാജ്യത്തിന് മുന്നോട്ടുപോകുക സാധ്യമല്ല.
പാർലമെന്റ് പ്രസംഗത്തിനായി താൻ നടത്തിയ പഠനത്തിലാണ് ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളിൽ നിന്നും എത്ര സെക്രട്ടറിമാർ കേന്ദ്ര സർക്കാറിലുണ്ടെന്ന കണക്ക് കിട്ടിയത്. ഒ.ബി.സിക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിക്ക് കീഴിൽ 90ൽ കേവലം മൂന്ന് സെക്രട്ടറിമാരാണ് ഉള്ളത് എന്നാണ് പറഞ്ഞതെന്ന് രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.