ന്യൂഡൽഹി: ജംഇയ്യത്ത് ഉലമായെ ഹിന്ദിന്റെ 34ാമത് ജനറൽ സെഷനിടെ വേദിയിൽനിന്ന് ഇറങ്ങിപ്പോയി മതനേതാക്കൾ. വേദിയിലുണ്ടായിരുന്ന ജെയ്ൻ മുനി, ആചാര്യ ലോകേഷ് മുനി എന്നിവർ ജംഇത്തയ്യത്ത് ഉലമായെ പ്രസിഡന്റ് സയ്യിദ് അർഷാദ് മദനിയുടെ പരാമർശങ്ങളിൽ അസന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ധർമ ഗുരുക്കളോട് ശ്രീരാമനോ ബ്രഹ്മാവോ ശിവനോ ഇല്ലാതിരുന്നപ്പോൾ മനു ആരെയാണ് ആരാധിച്ചത് എന്ന മദനിയുടെ ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഓം എന്നതും അല്ലാഹുവും ഒന്നാണെന്നും മദനി പറഞ്ഞു.
''ചിലർ എന്നോട് പറഞ്ഞത് അവർ ഓം ആണ് ആരാധിച്ചിരുന്നത്. ഓം എന്നു പറഞ്ഞാൽ അല്ലാഹു എന്നു തന്നെയാണ് അർഥം. പാർസികൾ പരാമർശിക്കുന്ന ‘ഖുദ’യും ഇംഗ്ലീഷിൽ പറയുന്ന ഗോഡും ഒന്നുതന്നെ. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരേയൊരു ദൈവമേ ഉള്ളൂവെന്നാണ്. ഓം എന്നതും അല്ലാഹുവും ഒന്നു തന്നെയാണ്.
ഹിന്ദുക്കളും മുസ്‍ലിംകളും സഹോദരങ്ങളെ പോലെയാണ് 1400 കൊല്ലത്തോളം ഇവിടെ ജീവിച്ചിരുന്നത്. ആരെയും നിർബന്ധിച്ച് ഇസ്‍ലാമിലേക്ക് പരിവർത്തനം ചെയ്തിട്ടില്ലെന്നും മദനി പറഞ്ഞു. ബി.ജെ.പി ഭരിച്ചപ്പോഴാണ് 20 കോടി മുസ്‍ലിംകളെ അവരുടെ വീട്ടിലേക്ക് തിരിച്ചയക്കുകയാണെന്ന് നമ്മൾ കേട്ടത്. അതായത് അവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുമെന്നാണ്. ഈ ആളുകൾക്ക് ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും മദനി കൂട്ടിച്ചേർത്തു.
ഇതിനെതിരെയാണ് ഹിന്ദു മതനേതാക്കൾ രംഗത്തുവന്നത്. സാഹോദര്യത്തോടെ ജീവിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ, എന്നാൽ ഓം, അല്ലാഹു, മനു എന്നിവയെക്കുറിച്ചുള്ള കഥകൾ പറഞ്ഞ് അദ്ദേഹം സെഷന്റെ അന്തരീക്ഷം പൂർണമായും നശിപ്പിച്ചു-എന്നായിരുന്നു ജെയ്ൻ മുനി, ആചാര്യ ലോകേഷ് മുനി എന്നിവരുടെ പരാമർശം. റിഷഭനെ ആണ് ആദ്യ ജൈന തീർഥങ്കരനായി കരുതുന്നത്. അദ്ദേഹത്തിന്റെ മക്കളാണ് ഭരതയും ബാഹുബലിയും. ഭരതയുടെ പേരാണ് പിന്നീട് നമ്മുടെ രാജ്യത്തിന് നൽകിയത്. നിങ്ങൾക്കത് മായ്ച്ചു കളയാനാകില്ല. അത്തരം പ്രസ്താവനകളോട് ഞങ്ങൾ യോജിക്കുന്നില്ല-എന്നും ഹിന്ദു മതനേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.