ഡറാഡൂൺ: സ്വകാര്യ വാഹനങ്ങളിൽ പൊലീസ്, ഹൈകോടതി, ജേണലിസ്റ്റ്, ആർമി തുടങ്ങിയ വാക്കുകൾ പതിക്കുന്നത് നിരോധിച്ച് ഉത്തരാഖണ്ഡ് ഹൈകോടതി ഉത്തരവ്. അരുൺകുമാർ എന്നയാൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവിറക്കിയത്.
പദവികൾ, ഒാഫിസ് പേരുകൾ, അനധികൃത എംബ്ലങ്ങൾ എന്നിവ സർക്കാർ-സ്വകാര്യ വാഹനങ്ങളിൽ പതിക്കുന്നത് നേരത്തേ നിരോധിച്ചിട്ടുള്ളതാണെന്ന് ജസ്റ്റിസ് രാജീവ് ശർമ വ്യക്തമാക്കി. ഹൈകോടതി, ആർമി, പൊലീസ്, ജേണലിസ്റ്റ് തുടങ്ങിയ വാക്കുകൾ വാഹനങ്ങളിൽ പതിക്കുന്നതും നിരോധിക്കുകയാണ്. 72 മണിക്കൂറിനുള്ളിൽ ഇവ വാഹനങ്ങളിൽനിന്ന് നീക്കണമെന്ന്കോടതി ഉത്തരവിൽ വ്യക്തമാക്കി. കോടതി ഉദ്യോഗസ്ഥർക്കടക്കം ഉത്തരവ് ബാധകമാണെന്നും ജഡ്ജി അറിയിച്ചു.
ഒരുമാസത്തിനുള്ളിൽ സംസ്ഥാനത്തെ റോഡ് സുരക്ഷ ഒാഡിറ്റ് നടത്തുവാനും കോടതി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ ക്രാഷ് ഗാഡുകൾ, ബുൾ ബാറുകൾ, ഫ്ലാഷ് ലൈറ്റുകൾ, സൈറനുകൾ എന്നിവ ഘടിപ്പിക്കുന്നതും വിലക്കി. ആറുമാസത്തിനുള്ളിൽ പൊതുവാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കണമെന്നും ബസുകൾ ദിവസവും കഴുകണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.